ആലപ്പുഴ: ക്രിസ്മസ് ആഘോഷങ്ങൾക്കിടെ നൂറനാട് കരിമുളയ്ക്കലിൽ കരോൾ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പത്തോളം പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. പ്രദേശത്തെ രണ്ട് പ്രാദേശിക ക്ലബ്ബുകളുടെ കരോൾ സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്.(Christmas carol groups clash in Alappuzha, Around ten people, including children, injured)
'യുവ', 'ലിബർട്ടി' എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള കരോൾ സംഘങ്ങളാണ് ഏറ്റുമുട്ടിയത്. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളാണ് ഈ സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. 'യുവ' ക്ലബ്ബിൽ നിന്ന് പിരിഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകർ രൂപീകരിച്ചതാണ് 'ലിബർട്ടി ക്ലബ്ബ്'. ഈ രണ്ട് സംഘങ്ങളും ഒരേ സമയം ഒരിടത്ത് എത്തിയതാണ് വാക്കുതർക്കത്തിനും തുടർന്നുള്ള അടിപിടിക്കും കാരണമായത്.
സംഘർഷത്തിൽ പരിക്കേറ്റവരിൽ സ്ത്രീകൾക്കും കുട്ടികൾക്കും പുറമെ കരോൾ സംഘത്തിലെ അംഗങ്ങളുമുണ്ട്. പരിക്കേറ്റ പത്തോളം പേരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.