തൃശ്ശൂർ: രാജ്യത്തെ ക്രൈസ്തവർ ഭീഷണി നേരിടുകയാണെന്നും, മതപരിവർത്തന നിയമത്തിന്റെ പേരിൽ ആക്രമിക്കപ്പെടുകയാണെന്നും തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് തുറന്നടിച്ചു. ഈ വിഷയങ്ങളിൽ താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ആശങ്ക അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.(Christians are facing threats, says Mar Andrews Thazhath)
ക്രൈസ്തവ സഭയെ ഉത്തരേന്ത്യയിൽ വിദേശ സഭയായി പ്രചരിപ്പിക്കുന്നുവെന്ന ആരോപണം അദ്ദേഹം തള്ളി. "ക്രൈസ്തവ സഭയ്ക്ക് രണ്ടായിരം വർഷത്തെ പഴക്കമുണ്ട്. അതുകൊണ്ടുതന്നെ സഭ ഭാരതീയമാണ്. സഭ വിദേശിയല്ല, ഭാരത സഭ തന്നെയാണെന്നും" മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
ഇന്ത്യൻ ഭരണഘടന സംരക്ഷിക്കപ്പെടണമെന്നും, മതപരിവർത്തന നിയമത്തിന്റെ പേരിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നുവെന്നും, ഈ ആക്രമണങ്ങളിൽ വേദനയുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. ന്യൂനപക്ഷ കമ്മീഷന്റെ തലപ്പത്ത് എന്തുകൊണ്ടാണ് ക്രൈസ്തവ സമുദായ അംഗം വരാത്തതെന്നും അദ്ദേഹം ചോദിച്ചു.
ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധ്യാപക നിയമന കാര്യത്തിൽ തീരുമാനം വൈകുന്നതിൽ വിദ്യാഭ്യാസ വകുപ്പിനെയും മാർ ആൻഡ്രൂസ് താഴത്ത് വിമർശിച്ചു.
"ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ക്രൈസ്തവരോട് വിവേചനം കാട്ടുന്നു. നാടിന്റെ നന്മയ്ക്ക് ഉതകുന്നവരെ പിന്തുണയ്ക്കണം. തിരഞ്ഞെടുപ്പിൽ വേണ്ടിവന്നാൽ നിലപാട് പറയേണ്ടിവരും. ക്രൈസ്തവരുടെ ഉന്നമനം കൂടി ലക്ഷ്യം വെക്കുന്നവരെ ആയിരിക്കും പിന്തുണയ്ക്കുന്നത്. ഞങ്ങളെ തഴഞ്ഞാൽ ഞങ്ങളും തഴയും," അദ്ദേഹം മുന്നറിയിപ്പ് നൽകി.