

ചിറ്റൂർ: നാടിനെയാകെ നൊമ്പരത്തിലാഴ്ത്തി മൂന്ന് വയസ്സുകാരൻ സുഹാന്റെ മൃതദേഹം നഗരസഭയുടെ കുളത്തിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാണാതായ സുഹാനു വേണ്ടിയുള്ള തിരച്ചിൽ 21 മണിക്കൂർ പിന്നിട്ടപ്പോഴാണ്, വീടിന് 700 മീറ്റർ അകലെയുള്ള കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.
ആദ്യഘട്ടത്തിൽ സുഹാന്റെ വീടിന് സമീപത്തെ ആമ്പൽകുളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ നടന്നത്. എന്നാൽ ഇപ്പോൾ മൃതദേഹം കണ്ടെത്തിയ കുളത്തിൽ പരിശോധന വൈകാൻ ചില കാരണങ്ങളുണ്ടായിരുന്നു. പോലീസ് നായ മണം പിടിച്ച് പോയത് മറ്റൊരു കുളത്തിന്റെ വരമ്പിലേക്കായിരുന്നു. ഈ കുളത്തിലേക്ക് നായ എത്തിയിരുന്നില്ല. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുട്ടി 700 മീറ്ററോളം തനിച്ച് നടന്ന് ഈ കുളത്തിലെത്താൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ കരുതി.
റോഡിനും കുളത്തിനും ഇടയിലായി ഒരു കനാൽ ഉള്ളതിനാൽ കുട്ടി അബദ്ധത്തിൽ കുളത്തിൽ വീഴാനുള്ള സാധ്യത കുറവാണെന്ന് നാട്ടുകാരും വിലയിരുത്തിയിരുന്നു.
ശനിയാഴ്ച ടിവി കാണുന്നതിനിടെ സഹോദരനുമായി പിണങ്ങിയാണ് സുഹാൻ വീട്ടിൽ നിന്നിറങ്ങിയത്. മുൻപും പിണങ്ങിയിറങ്ങാറുള്ള സുഹാൻ അല്പസമയത്തിനുള്ളിൽ തിരികെ വരാറുള്ളതായിരുന്നു പതിവ്. എന്നാൽ ഇത്തവണ ആ മടക്കം മരണത്തിലേക്കായിരുന്നു. സുഹാന്റെ പിതാവ് മുഹമ്മദ് അനസ് വിദേശത്താണ്. പാലക്കാട്ടേക്കുള്ള യാത്രയിലായിരുന്ന മാതാവ് തൗഹിദ തിരിച്ചെത്തിയപ്പോഴാണ് മകനെ കാണാതായ വിവരമറിഞ്ഞത്.
അതേസമയം , കുട്ടി തനിച്ച് അത്രയും ദൂരം നടന്നു വന്നതിലും കനാൽ മറികടന്ന് കുളത്തിൽ വീണതിലും നാട്ടുകാർ ദുരൂഹത സംശയിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.