
തൃശൂര്‍: ചിമ്മിനി ഡാമിൽ റൂള്‍ കര്‍വിലും കൂടുതൽ ജലനിരപ്പ് ഉയർന്നതോടെ ഡാം ഷട്ടറുകൾ തുറന്നു(Chimney Dam). കുറുമാലിപ്പുഴയിലേക്ക് അധിക ജലം ഒഴുക്കുന്നതിനു വേണ്ടിയാണ് ഡാം തുറന്നത്. പുഴയിലേക്ക് ഡാമിൽ നിന്നും 12 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി കളയുക. ഇതിനു പുറമേ കെഎസ്ഇബി വാല്‍വിലൂടെ വൈദ്യതോല്‍പാദനത്തിനായി ഒരു സെക്കന്‍ഡില്‍ 6. 36 ഘനമീറ്റര്‍ ജലമൊഴുക്കി വൈദ്യുതോല്പാദനവും ആരംഭിച്ചു.
ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതോടെ കരുവന്നൂര്‍, കുറുമാലി പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. അതിനാൽ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും പുഴകളിൽ മീൻ പിടിക്കാനോ കുളിക്കാനോ പാടുള്ളതല്ലെന്നും തൃശൂര്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു.