

തിരുവനന്തപുരം: സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന മെഗാ ക്വിസ് മത്സരം രാഷ്ട്രീയ വിവാദത്തിലേക്ക്. സർക്കാരിന്റെ ഭരണനേട്ടങ്ങൾ മാത്രം കേന്ദ്രീകരിച്ചു തയ്യാറാക്കിയ ചോദ്യാവലിയാണ് വിമർശനത്തിന് കാരണമായത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കുട്ടികളിൽ രാഷ്ട്രീയം അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ ആരോപിച്ചു.(Chief Minister's Trophy Quiz in Controversy)
ക്വിസിലെ പല ചോദ്യങ്ങൾക്കും 'മുഖ്യമന്ത്രി' എന്നതാണ് ഉത്തരം. "അതിദാരിദ്ര്യ മുക്തമായി കേരളത്തെ പ്രഖ്യാപിച്ചത് ആര്?" തുടങ്ങിയ ചോദ്യങ്ങൾ കേവലം പാർട്ടി പ്രചാരണമാണെന്നും പ്രതിപക്ഷ സംഘടനകൾ കുറ്റപ്പെടുത്തുന്നു.
മത്സരത്തിന് മുന്നോടിയായി സർക്കാർ തയ്യാറാക്കിയ 198 പേജുള്ള 'എന്റെ കേരളം' എന്ന പുസ്തകത്തിലും സർക്കാരിനെ പുകഴ്ത്തുന്ന ലേഖനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി, മന്ത്രിമാർ, ഇടത് സഹയാത്രികർ, ചില ഐ.എ.എസ് ഉദ്യോഗസ്ഥർ എന്നിവരുടെ കുറിപ്പുകൾ മാത്രമാണ് ഇതിലുള്ളതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
വിദ്യാർത്ഥികൾക്ക് കേരളത്തിന്റെ വികസന മാതൃകകളെക്കുറിച്ചും ഭരണകാര്യങ്ങളെക്കുറിച്ചും അറിവ് നൽകാനാണ് മത്സരം സംഘടിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ലക്ഷക്കണക്കിന് രൂപയാണ് വിജയികൾക്ക് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.