
നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) സംസ്ഥാന ഘടകവുമായി ആശാ വർക്കർമാർ സംഘടിപ്പിച്ച ചർച്ച പരാജയപ്പെടാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയും പിടിപ്പുകേടുമാണെന്ന് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിനു മുന്നിൽ 38 ദിവസമായി മുഖ്യമന്ത്രിയുടെ മൂക്കിനു കീഴിൽ ആശാവർക്കർമാർ നടത്തുന്ന രാപ്പകൽ സമരപ്പന്തലിലേക്ക് ഒരിക്കൽ പോലും ഒന്നു തിരിഞ്ഞു നോക്കാൻ പിണറായി തയ്യാറായില്ല. അവരുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി നേരിട്ടു ചർച്ച നടത്തിയിരുന്നെങ്കിൽ പരിഹരിക്കാവുന്ന പ്രശ്നത്തെ നിസാരവൽക്കരിച്ചും പരിഹസിച്ചും അദ്ദേഹം അവഗണിക്കുകയാണു ചെയ്തതെന്ന് ചെന്നിത്തല വിമർശിച്ചു.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ഇന്നലെ മുഖ്യമന്ത്രി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ആശാ വർക്കർമാരുടെ പ്രശ്നം സംസാരിച്ചതേയില്ല. ഇക്കാര്യം പാർലമെന്റിലുന്നയിച്ച യുഡിഎഫ് എംപിമാരോട് സംസ്ഥാന സർക്കാരാണ് ആശാവർക്കരമാരെ കൈയൊഴിഞ്ഞതെന്നു കേന്ദ്ര സർക്കാർ ധരിപ്പിച്ചിരുന്നു. എന്നിട്ടു പോലും കേന്ദ്രത്തെ പഴിച്ചു കൈ കഴുകുന്ന മുഖ്യമന്ത്രി യഥാർഥ പ്രശ്നത്തിൽ നിന്ന് ഒളിച്ചോടുകയാണ്. എൻഎച്ച്എം കേരളാ ഘടകത്തിന്റെ ഓഫീസിൽ നടന്ന ചർച്ചയിൽ ആശാ വർക്കർമാർ മുന്നോട്ടുവെച്ച കാര്യങ്ങളൊന്നും ചർച്ച ചെയ്തതേയില്ല. എന്നിട്ടും മുഖ്യമന്ത്രി അനങ്ങാപ്പാറ നയം തുടരുകയാണ്.