കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങി. അപകടസ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ല. അഞ്ച് മിനിറ്റോളം സമയം മാത്രമേ മുഖ്യമന്ത്രി സ്ഥലത്തുണ്ടായിരുന്നുള്ളു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മന്ത്രി വി എന്‍ വാസവന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി മടങ്ങുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ ജില്ലാതല വികസനസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി കോട്ടയത്തുണ്ടായിരുന്നു. അവിടെ നിന്നാണ് മുഖ്യമന്ത്രി മെഡിക്കല്‍ കോളേജിലേക്ക് എത്തിയത്.പറയാൻ ഒന്നുമില്ലെന്നും എല്ലാം മന്ത്രിമാർ പറഞ്ഞെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
അതേ സമയം, വ്യാപകമായി പ്രതിഷേധമാണ് മുഖ്യമന്ത്രിക്ക് നേരെയും ഉണ്ടായത്. മെഡിക്കല്‍ കോളജിന് മുന്നില്‍ മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായത് മൂന്ന് കരിങ്കൊടി പ്രതിഷേധങ്ങളാണ്. യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗുമാണ് കരിങ്കൊടി കാണിച്ചത്.
തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരുക്കേറ്റു. 68 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണ് രണ്ടു മണിക്കൂറിനു ശേഷമാണ് ബിന്ദുവിനെ പുറത്തെടുക്കാനായത്. അപകടത്തെകുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.