വിവാദങ്ങൾ കത്തി നിൽക്കെ മുഖ്യമന്ത്രി ഇന്ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും: ശബരിമല, മസാല ബോണ്ട് വിഷയങ്ങളിൽ മറുപടി ഉണ്ടാകുമോ ? | Media

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല
Chief Minister to meet media in Kochi today amid controversies
Updated on

എറണാകുളം: ശബരിമല സ്വർണക്കൊള്ള, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്, കിഫ്ബി മസാലാ ബോണ്ടിലെ ഇഡി നോട്ടീസ് തുടങ്ങി നിരവധി വിവാദങ്ങൾ സംസ്ഥാനത്ത് കത്തിനിൽക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് കൊച്ചിയിൽ മാധ്യമ പ്രവർത്തകരുമായുള്ള 'മീറ്റ് ദ പ്രസ്' പരിപാടി. ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം പ്രസ് ക്ലബ്ബിലാണ് മാധ്യമ സംവാദ പരിപാടി.(Chief Minister to meet media in Kochi today amid controversies)

വരും ദിവസങ്ങളിൽ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും മുഖ്യമന്ത്രി മാധ്യമങ്ങളുമായി സംവദിക്കും. നാളെയാണ് തൃശ്ശൂരിലെ സംവാദ പരിപാടി. നിലവിലെ സുപ്രധാന വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടാകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ, മുൻ കമ്മീഷണർ എൻ. വാസു അടക്കമുള്ളവർ അറസ്റ്റിലായ ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം നിർണായകമാകും. പത്മകുമാറിനെതിരെ പാർട്ടി നടപടിയുണ്ടാകുമോയെന്നതിലും വിശദീകരണം പ്രതീക്ഷിക്കുന്നു.

എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. പരാതിക്കാരിയുടെ ആദ്യ പരാതി മുഖ്യമന്ത്രിക്ക് ലഭിക്കുകയും, തുടർന്ന് പോലീസിന് കൈമാറുകയും ചെയ്ത ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ വിഷയത്തിലും മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതീക്ഷിക്കുന്നുണ്ട്. കിഫ്ബി മസാലാ ബോണ്ടിൽ മറുപടി തേടിയുള്ള ഇ.ഡിയുടെ നോട്ടീസിലും മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടാകുമോയെന്ന ആകാംഷയുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കിടെ മുൻമന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ ജി. സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കൊല്ലത്തെ പരിപാടി കഴിഞ്ഞ് എറണാകുളത്തേക്ക് പോകവേ ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. വീട്ടിലെ ശുചിമുറിയിൽ വീണ് കാലിന് പരിക്കേറ്റ് വിശ്രമത്തിൽ കഴിയുകയാണ് ജി. സുധാകരൻ.

സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ, അമ്പലപ്പുഴ എം.എൽ.എ. എച്ച്. സലാം തുടങ്ങിയ സി.പി.എം. നേതാക്കളും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. ജി. സുധാകരൻ്റെ ആരോഗ്യ വിവരങ്ങൾ തിരക്കിയ ശേഷം മുഖ്യമന്ത്രി എറണാകുളത്തേക്ക് മടങ്ങി.

Related Stories

No stories found.
Times Kerala
timeskerala.com