വയനാട് മാതൃകാ ടൗണ്‍ഷിപ്പിന് ഇന്ന് മുഖ്യമന്ത്രി തറക്കല്ലിടും
കൽപ്പറ്റ: വയനാട് പുഞ്ചിരിമട്ടം പ്രകൃതിദുരന്തത്തിൽ വീട് നഷ്ടമായവർക്കുള്ള സ്നേഹഭവനങ്ങൾക്ക് ഇന്നു തറക്കല്ലിടും. വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ശിലാസ്ഥാപനം നിർവഹിക്കുന്നത്.
കൽപ്പറ്റ എൽസ്റ്റൻ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിൽ നിർമിക്കുന്ന മാതൃക ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം ആണ് ഇന്ന് നടക്കുന്നത്.
കൽപ്പറ്റ ബൈപാസിനോടു ചേർന്ന് സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ ഏഴു സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1,000 ചതുരശ്ര അടിയിൽ ഒറ്റനിലയിൽ ക്ലസ്റ്ററുകളിലായാണു വീടുകൾ നിർമിക്കുന്നത്. എൽസ്റ്റൻ എസ്റ്റേറ്റിൽ നടക്കുന്ന പരിപാടിയിൽ റവന്യു -ഭവനനിർമാണ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഒ.ആർ. കേളു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാർ, പി.എ. മുഹമ്മദ് റിയാസ്, പ്രിയങ്ക ഗാന്ധി എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ടി. സിദ്ദിഖ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.