തിരുവനന്തപുരം: കേരളം ഇന്ന് 69-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ, ചരിത്രപരമായ ഒരു പ്രഖ്യാപനത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കും. 'അതിദരിദ്രരില്ലാത്ത സംസ്ഥാനം' എന്ന പദവി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഇന്ന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലായിരിക്കും മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുക.(Chief Minister to declare Kerala as extreme poverty-free today, special assembly session)
നിയമസഭാ സമ്മേളനത്തിൽ പ്രത്യേക പ്രസ്താവനയിലൂടെയാകും മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുക. ശനിയാഴ്ച സഭ ചേരുന്നതിന് പ്രത്യേക അനുമതി ആവശ്യമായതിനാൽ, ബന്ധപ്പെട്ട ചട്ടം സസ്പെൻഡ് ചെയ്ത ശേഷമായിരിക്കും സമ്മേളന നടപടികൾ ആരംഭിക്കുക.
ഈ സുപ്രധാന പ്രഖ്യാപനം വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും. മന്ത്രിമാർക്ക് പുറമേ, ചലച്ചിത്രതാരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇതിന്റെ ഭാഗമായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
അതേസമയം, 'അതിദരിദ്രരില്ലാത്ത സംസ്ഥാനം' എന്ന പ്രഖ്യാപനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ആദിവാസി വിഭാഗങ്ങൾ അടക്കം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഘട്ടത്തിൽ നടത്തുന്ന ഈ പ്രഖ്യാപനം വെറും 'ചെപ്പടി വിദ്യ' മാത്രമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
നവംബർ ഒന്ന് – ഭാഷയുടെ അടിസ്ഥാനത്തിൽ കേരളം ഒരു സംസ്ഥാനമായി രൂപപ്പെട്ടതിന്റെ വാർഷിക ദിനം. 1956 നവംബർ ഒന്നിന്, കേന്ദ്രസർക്കാരിന്റെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടന തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് കേരളം രൂപീകരിച്ചത്. തുടർന്ന് നവോത്ഥാന പ്രസ്ഥാനങ്ങളുടേയും സുപ്രധാന നിയമനിർമ്മാണങ്ങളുടേയും വെളിച്ചത്തിൽ കേരളം മുന്നോട്ട് പോയി.
ഭൂപരിഷ്‌കരണ ബിൽ, വിദ്യാഭ്യാസ ബിൽ, അധികാരവികേന്ദ്രീകരണം, സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം എന്നിവ കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക രംഗത്തെ മാറ്റിമറിച്ചു. രാജ്യത്ത് നൂറുശതമാനം സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമായി കേരളം മാറി. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ നേട്ടങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്.
മോഹിനിയാട്ടം, തെയ്യം, കളരിപ്പയറ്റ്, ഗോത്രകലകൾ ഉൾപ്പെടെയുള്ള തനത് കലാരൂപങ്ങൾ വിദേശരാജ്യങ്ങളിൽപ്പോലും ശ്രദ്ധ നേടി. നവകേരള സൃഷ്ടി എന്ന ലക്ഷ്യത്തിലേക്ക് എത്താൻ സംസ്ഥാനത്തിന് മുന്നിൽ സാമ്പത്തിക പരിമിതികൾ ഉൾപ്പെടെയുള്ള വെല്ലുവിളികൾ ഏറെയുണ്ട്. സാമൂഹിക പുരോഗതിയിൽ വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ട് പോകാനും വർഗീയധ്രൂവീകരണ ശ്രമങ്ങളെ ചെറുത്ത്, മതേതര പാരമ്പര്യവും ഭാഷാ-സംസ്കാരവും ശക്തിപ്പെടുത്താനും ഓരോ മലയാളിയും ജാഗരൂകരായിരിക്കണം.