തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാക്കി തന്റെ പത്രാധിപ ജീവിതത്തെ മാറ്റാൻ കഴിഞ്ഞ പ്രഗത്ഭ മാധ്യമപ്രവർത്തകനായിരുന്നു ടി ജെ എസ് ജോർജ്.
കേരളം ഇന്ത്യൻ പത്രപ്രവർത്തന രംഗത്തിനും ലോകമാധ്യമ രംഗത്തിനും നൽകിയ അഭിമാനകരമായ സംഭാവനയായിരുന്നു ടി.ജെ. എസ്. ഭയരഹിതവും നിഷ്പക്ഷവും ആയ പത്രപ്രവർത്തനത്തിന് വേണ്ടി എക്കാലവും നിലകൊണ്ട പ്രമുഖ പത്രാധിപനായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്തടക്കം ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിലപാട് കൈക്കൊണ്ട ടിജെഎസ് ജോർജ് എന്നും ലിബറൽ ജേണലിസത്തിന്റെ ധീരനായ വക്താവായിരുന്നു. സ്വാതന്ത്ര്യത്തെയും ജനാധിപത്യ ബോധത്തെയും അപകടപ്പെടുത്തുന്ന എല്ലാ പ്രവണതകൾക്കുമെതിരെ ശക്തമായി പ്രതികരിച്ച ചരിത്രമാണ് അദ്ദേഹത്തിൻ്റേത്.സംസ്ഥാന സർക്കാർ അദ്ദേഹത്തെ സ്വദേശാഭിമാനി പുരസ്കാരം നൽകി ആദരിച്ചത് സ്മരണീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം, ഇന്ന് ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ടി ജെ എസ് ജോര്‍ജ് (97) അന്തരിച്ചത്. സ്വതന്ത്ര ഇന്ത്യയില്‍ തടവിലാക്കപ്പെട്ട ആദ്യ പത്രാധിപരാണ് ടി ജെ എസ് ജോര്‍ജ്. പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയാണ്. പത്മഭൂഷണ്‍, സ്വദേശാഭിമാനി-കേസരി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.