കേന്ദ്രത്തിന്റേത് കേരളത്തിലെ റേഷൻ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ |Pinarayi Vijayan

അരിവി​ഹിതം നൽകാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ലെന്ന് പിണറായി വിജയൻ.
pinarayi vijayan
Published on

തിരുവനന്തപുരം : കേരളത്തിന് അർഹമായ അരിവി​ഹിതം നൽകാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ലെന്ന് വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ രാജ്യത്തെ സംസ്ഥാനമാണ് കേരളം. ഈ സംസ്ഥാനത്തിൽ റേഷൻ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണ് കേന്ദ്ര സർക്കാർ നയം. ഇതിന് ബദൽ നയം നടപ്പാക്കുന്നതിലൂടെയാണ് കേരളം വേറിട്ട് നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 57% വരുന്ന മുൻ​ഗണനാ വിഭാ​ഗക്കാർ റേഷൻ പരിധിക്ക് പുറത്താണ്. എന്നാൽ സംസ്ഥാന സർക്കാർ അവരെകൂടി ഉൾപ്പെടുത്തിയാണ് ഈ സംവിധാനം മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ ഓണത്തിന് ടൈഡ് ഓവർ വിഹിതത്തിന്റ വിലയായ 8രൂപ 30 പൈസക്ക് കേരളത്തിന് അരി വിഹിതം നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ ഒരു മണി അരി പോലും അധികമായി നൽകാൻ തയാറായില്ല.

പ്രളയവും, കോവിഡും പോലുള്ള ദുരന്ത ഘട്ടങ്ങളിൽ കേരളത്തിന് സൗജന്യ നിരക്കിൽ ഭക്ഷ്യ ധാന്യങ്ങൾ നൽകാതിരിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. എന്നാൽ സാധാരണക്കാരന് ആശ്വാസമേകുന്ന ഒരു നടപടിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

കേന്ദ്ര നിലപാട് നോക്കിയല്ല സംസ്ഥാന സർക്കാർ സാധാരണക്കാരന് ഇത്തരം ആനുകൂല്യങ്ങൾ ഒരുക്കുന്നത്. അർഹമായ വിഹിതങ്ങൾ ലഭിക്കാത്തതുകൊണ്ട് സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നുണ്ട്. എന്നാൽ കേരളത്തിന്റെ വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും അതൊന്നും തടസമാകില്ല.

രാജ്യത്താകെ നിത്യോപയോ​ഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതൽ വിലക്കയറ്റമുണ്ടാകേണ്ടത് കേരളത്തിലാണ്. പക്ഷെ മാതൃകാപരാമായ വിപണി ഇടപെടലിലൂടെയാണ് വിലക്കയറ്റം പിടിച്ചുനിർത്താൻ കേരളത്തിന് കഴിഞ്ഞു. അതിൽ സപ്ലൈകോയുടെ ഇടപെടൽ പ്രധാന പങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജൂലൈയിൽ 168 കോടി രൂപയുടെ വിറ്റു വരവാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. 60 കോടി രൂപയുടെ സബ്സിഡി ഉൽപ്പന്നങ്ങളാണ് കഴിഞ്ഞമാസം സപ്ലൈകോ വഴി പൊതുജനങ്ങൾക്ക് വിതരണം ചെയ്തത്. ഓണത്തിരക്ക് ആരംഭിച്ച ഈ മാസം 22വരെയുള്ള വിറ്റുവരവ് 180കോടി രൂപയാണ്. 11 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രതിദിന വിറ്റു വരവ് പത്തു കോടിയ്ക്ക് മുകളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com