തിരുവനന്തപുരം : കേരള മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരു പ്രദേശങ്ങളും തമ്മിൽ സാമ്പത്തിക വികസന പങ്കാളിത്തം കൂടുതൽ വിപുലമാക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായി.(Chief Minister Pinarayi Vijayan meets with Abu Dhabi Crown Prince)
അബുദാബിയിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചയിൽ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു. നിലവിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. കൂടുതൽ നിക്ഷേപ പദ്ധതികൾക്ക് വഴി തുറക്കുന്നതിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.
ഈ നിർണ്ണായക കൂടിക്കാഴ്ചയിൽ ഇരുപക്ഷത്തുനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറലും കിരീടാവകാശിയുടെ ഓഫിസ് ചെയർമാനുമായ സൈഫ് സഈദ് ഗൊബഷ്, മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരാണവർ.
മൂന്ന് ദിവസത്തെ യു.എ.ഇ. സന്ദർശനത്തിനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ എത്തിയത്. അബുദാബിയിൽ നടന്ന പരിപാടിയിൽ പ്രവാസി സമൂഹം മുഖ്യമന്ത്രിക്ക് ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു. കൂടിക്കാഴ്ചകൾക്ക് ശേഷം മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങി.