തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിന്റെ ഓണം സാംസ്‌കാരിക ഘോഷയാത്ര ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മാനവീയം വീഥിയില്‍ ഫ്ളാഗ് ഓഫ് ചെയ്തു.തര്‍ക്കങ്ങള്‍ മറന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും ഒരേ വേദിയിൽ പരസ്പരം കൈകൊടുത്ത് സുഖവിവരങ്ങള്‍ തിരക്കുകയും ചെയ്തു.
ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ തന്റെ മൂത്ത സഹോദരനെന്നാണ് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് കീഴില്‍ സംസ്ഥാനം കൂടുതല്‍ വളര്‍ച്ച കൈവരിക്കട്ടേ എന്ന് ആശംസിച്ച അദ്ദേഹം പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചതിന് സംസ്ഥാന സര്‍ക്കാരിന് നന്ദിയും അറിയിച്ചു.
ഒരുമയുടെ സന്ദേശമാണ് ഓണാഘോഷങ്ങള്‍ നല്‍കുന്നതെന്നും നല്ല ഒരു വര്‍ഷമുണ്ടാകട്ടേയെന്നും ഗവര്‍ണര്‍ തന്റെ പ്രസംഗത്തില്‍ ആശംസിച്ചു. നിങ്ങളുടെ സ്‌നേഹവും ബഹുമാനവും ഏറ്റുവാങ്ങാനാണ് വന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇതിനെല്ലാം സാക്ഷിയാകാനായതില്‍ സംസ്ഥാന സര്‍ക്കാരിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.