
തിരുവനന്തപുരം : അഹമ്മദാബാദ് വിമാനാപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൃദയഭേദകമെന്നും നടുക്കമുളവാക്കുന്നതെന്ന് സമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം.....
ഏറെ ഹൃദയഭേദകമാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന എയര്‍ ഇന്ത്യ വിമാനാപകടം. ഒരാള്‍ ഒഴികെ ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്നവരും വിമാനം തകര്‍ന്നുവീണ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ ചില വിദ്യാര്‍ത്ഥികളും മരണപ്പെട്ടിരിക്കുകയാണ്.
ഇത് നടുക്കമുളവാക്കുന്നതാണ്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിലുണ്ടെന്നത് ദുരന്തത്തിന്റെ ആഴം കൂട്ടുന്നു. കേരളീയരെ സംബന്ധിച്ച് കൂടുതല്‍ വേദനാജനകമായ കാര്യമാണ് മരണപ്പെട്ടവരില്‍ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറുമുണ്ടെന്ന വാര്‍ത്ത. വിമാന ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.