
കൊല്ലം: തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മിഥുന്റെ വിയോഗത്തിൽ വേദനിക്കുന്ന ബന്ധുക്കളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
അനുശോചനം രേഖപ്പെടുത്തുന്നു. അപകട കാരണം സർക്കാർ വിശദമായി പരിശോധിക്കും. മേലിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുൻ (13) ആണ് ഇന്ന് സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കടിച്ച് മരണപ്പെട്ടത്.സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് സൈക്കിൾ വെക്കാനായി ഇരുമ്പ് ഷീറ്റ് പാകിയ ഷെഡ് നിര്‍മ്മിച്ചിരുന്നു.
ഈ ഷെഡിന്റെ മുകളിലേക്ക് ചെരുപ്പ് വീണപ്പോൾ എടുക്കാനായി കയറിയതായിരുന്നു കുട്ടി. കാൽ തെന്നി വീഴാൻ പോയപ്പോൾ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയിൽ സ്പർശിച്ചതോടെ ഷോക്കേൽക്കുകയുമായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.