തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയൻ കുവൈത്തിലെത്തി. വ്യാഴാഴ്ച രാവിലെ 6.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട കുവൈത്ത് എയർ വിമാനത്തിലാണ് മുഖ്യമന്ത്രി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.(Chief Minister Pinarayi Vijayan arrives in Kuwait)
ഇന്ത്യൻ എംബസി പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും, മലയാളം മിഷൻ, കല കുവൈത്ത് ഭാരവാഹികളും ചേർന്ന് മുഖ്യമന്ത്രിക്ക് വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം നൽകി.
ഇന്ന് (വ്യാഴാഴ്ച) കുവൈത്ത് സർക്കാർ പ്രതിനിധികളുമായി മുഖ്യമന്ത്രി പ്രധാന കൂടിക്കാഴ്ചകളും ചർച്ചകളും നടത്തും. നാളെ വൈകീട്ട് 4.30ന് മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മഹാസമ്മേളനത്തിൽ മുഖ്യമന്ത്രി കുവൈത്തിലെ മലയാളികളെ നേരിട്ട് അഭിസംബോധന ചെയ്യും. അറുപതോളം സംഘടനകൾ ചേർന്നാണ് മുഖ്യമന്ത്രിക്കായി ഈ മെഗാ വേദി ഒരുക്കുന്നത്.
28 വർഷങ്ങൾക്ക് ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി കുവൈത്തിൽ എത്തുന്നത് എന്ന പ്രത്യേകത ഈ സന്ദർശനത്തിനുണ്ട്. മുഖ്യമന്ത്രിയുടെ മുൻ ഗൾഫ് സന്ദർശനങ്ങളിലെല്ലാം സ്വീകരിച്ച അതേ രീതിയിലുള്ള വിശദീകരണങ്ങൾ കുവൈത്തിലും പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.