

തിരുവനന്തപുരം: കേന്ദ്ര അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സത്യാഗ്രഹം വെറും പ്രഹസനമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങൾ കേരളത്തിൽ നടപ്പിലാക്കാൻ പിണറായി വിജയൻ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. (Chief Minister is talking like a Sangh Parivar spokesperson, says KC Venugopal)
സിപിഐയെപ്പോലും അറിയിക്കാതെ ആർഎസ്എസ് അജണ്ടയുള്ള പിഎം ശ്രീ പദ്ധതിയിൽ മുഖ്യമന്ത്രി ഒപ്പിട്ടത് ബിജെപിക്ക് നൽകിയ സഹായമാണ്. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിന് മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. പുതിയ ഭേദഗതി പ്രകാരം വേതനത്തിന്റെ 40% സംസ്ഥാനങ്ങൾ വഹിക്കണമെന്ന നിബന്ധന കേരളത്തിന് 2000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കും. തൊഴിൽ അവകാശമെന്നത് ഇല്ലാതാക്കി പദ്ധതിയെ കൊല്ലാക്കൊല ചെയ്യുകയാണ് കേന്ദ്രം.
കേന്ദ്രത്തിനെതിരെ പാർലമെന്റിൽ ശബ്ദമുയർത്തുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിന് അദ്ദേഹത്തിന്റെ നിലവാരം താഴെപ്പോയെന്നായിരുന്നു വേണുഗോപാലിന്റെ മറുപടി. യുഡിഎഫ് എംപിമാരുടെ പ്രവർത്തനം ജനം കാണുന്നുണ്ടെന്നും സ്വന്തം മുന്നണിയിൽപ്പോലും വിശ്വാസമില്ലാത്ത മുഖ്യമന്ത്രിക്ക് യുഡിഎഫിനെ സമരത്തിന് ക്ഷണിക്കാൻ എന്ത് ധാർമ്മികതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിൽ ബിജെപിക്ക് കിട്ടിയ ഏറ്റവും വലിയ കൂട്ടാളിയാണ് പിണറായി വിജയൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.