
തിരുവനന്തപുരം: കെനിയയിൽ മലയാളികൾ ഉൾപ്പെട്ട വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ സംഭവത്തിൽ മലയാളികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി(Kenya bus accident). അടിയന്തരാവശ്യങ്ങൾക്കായി ഹെൽപ്പ് ഡെസ്ക് നമ്പറും മുഖ്യമന്ത്രി പങ്കുവച്ചു.
തിങ്കളാഴ്ച നാലുമണിയോടെയാണ് വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡർ പ്രദേശത്ത് 100 മീറ്റർ ആഴമുള്ള കൊക്കയിലേക്ക് ബസ് മറിഞ്ഞത്. ഖത്തറിൽ നിന്ന് കെനിയയിലേക്ക് ബലിപെരുന്നാള്‍ അവധി ആഘോഷിക്കാൻ പോയ മലയാളികൾ ഉൾപ്പെട്ട സംഘമാണ് അപകടത്തിൽപെട്ടത്. കനത്ത മഴയില്‍ നിയന്ത്രണം നഷ്ടമായ ബസ് പലതവണ മലക്കംമറിഞ്ഞാണ് കൊക്കയിലേക്ക് വീണത്. അപകടത്തിൽ 6 ജീവനുകളാണ് പൊലിഞ്ഞത്. ഇതിൽ 5 പേരും മലയാളികളാണ്. സംഘത്തിൽ 14 പേർ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം.
കേരളത്തിൽ നിന്നുള്ള മലയാളികൾക്ക് സഹായവും സേവനങ്ങളും ലഭ്യമാക്കാൻ നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ ഹെല്‍പ്പ് ഡെസ്കിലേയ്ക്ക് 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്ന്), +91-8802012345 (മിസ്ഡ് കോൾ, വിദേശത്തുനിന്ന്) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.