ആലപ്പുഴ: പെരുമ്പളം ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ കായൽ പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഉച്ചയോടെ പാലത്തിന് സമീപമെത്തിയ മുഖ്യമന്ത്രി നാട മുറിച്ചതോടെ ദ്വീപിലെ ജനങ്ങളുടെ യാത്രാക്ലേശത്തിനാണ് ശാശ്വത പരിഹാരമായത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.(Chief Minister dedicates Perumbalam bridge to the people)
1157 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള ഈ പാലം കേരളത്തിൽ കായലിന് കുറുകെ നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ പാലങ്ങളിൽ ഒന്നാണ്. മധ്യഭാഗത്ത് മഴവിൽ നിറത്തിലുള്ള മൂന്ന് ‘ബോ സ്ട്രിംഗ്’ ആർച്ചുകൾ പാലത്തിന് മനോഹാരിത പകരുന്നു. ആർച്ചുകളുള്ള ഭാഗത്ത് 12 മീറ്ററാണ് വീതി.
കിഫ്ബി ഫണ്ടിൽ നിന്ന് ഏകദേശം 106 കോടി രൂപ ചെലവഴിച്ചാണ് പാലം പൂർത്തിയാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു നിർമ്മാണ ചുമതല. ഉദ്ഘാടനത്തിന് പിന്നാലെ പെരുമ്പളം ദ്വീപിലേക്കുള്ള ആദ്യ കെഎസ്ആർടിസി ബസ് സർവീസും ആരംഭിച്ചു. ‘പെരുമ്പളം ദ്വീപ്’ എന്ന ബോർഡ് വെച്ച ബസ് പാലത്തിലൂടെ കടന്നുപോയപ്പോൾ ദ്വീപ് നിവാസികൾ ആവേശത്തോടെയാണ് വരവേറ്റത്. ദ്വീപ് പഞ്ചായത്തിലെ 14 വാർഡുകളിലായി താമസിക്കുന്ന ജനങ്ങൾക്ക് ഇനി ഏതുസമയത്തും ചികിത്സാ ആവശ്യങ്ങൾക്കും മറ്റുമായി വേഗത്തിൽ കരയിലെത്താൻ സാധിക്കും.

