അണ്ടർ-15 വനിതാ ഏകദിന ടൂർണമെൻ്റിൽ കേരളത്തെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ഛത്തീസ്ഗഢ്

Cricket
Updated on

ഇൻഡോർ: അണ്ടർ-15 വനിതാ ഏകദിന ടൂർണമെൻ്റിൽ കേരളത്തിന് ആദ്യ തോൽവി. ഛത്തീസ്ഗഢ് ആറ് വിക്കറ്റിനാണ് കേരളത്തെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 35 ഓവറിൽ ആറ് വിക്കറ്റിന് 113 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഛത്തീസ്ഗഢ് 21.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി ക്യാപ്റ്റൻ ഇവാന ഷാനിയും ലെക്ഷിദ ജയനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. ഇവാനയും വൈഗ അഖിലേഷും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ടിൽ 21 റൺസ് പിറന്നു. എന്നാൽ തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി. വൈഗ 11-ഉം ആര്യനന്ദയും ജൊഹീന ജിക്കുപാലും രണ്ട് റൺസ് വീതവും നേടി മടങ്ങി. തുടർന്ന് ഇവാനയും ലെക്ഷിദയും ചേർന്ന് 56 പന്തുകളിൽ നേടിയ 54 റൺസാണ് കേരളത്തെ കരകയറ്റിയത്. എന്നാൽ സ്കോർ 83-ൽ നിൽക്കെ 38 റൺസെടുത്ത ഇവാന റണ്ണൗട്ടായി. തൊട്ടുപിറകെ 26 റൺസെടുത്ത ലെക്ഷിദയും രണ്ട് റൺസെടുത്ത ജുവൽ ജീൻ ജോണും പുറത്തായി. ശിവാനി സുരേഷ് 10-ഉം ശിവാനി എം 13-ഉം റൺസുമായി പുറത്താകാതെ നിന്നു. ഛത്തീസ്ഗഢിന് വേണ്ടി പലക് സിങ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഛത്തീസ്ഗഢിന് ഓപ്പണർ കൂടിയായ ക്യാപ്റ്റൻ യതി ശർമ്മയുടെ തകർപ്പൻ ഇന്നിങ്സാണ് അനായാസ വിജയം സമ്മാനിച്ചത്. യതി ശർമ്മയും ഗീത് ദഹരിയയുമായി ചേർന്ന് ഓപ്പണിങ് കൂട്ടുകെട്ടിൽ 68 റൺസ് പിറന്നു. 21 റൺസെടുത്ത് ഗീതിന് പിറകെ രണ്ട് വിക്കറ്റുകൾ കൂടി തുടരെ നഷ്ടമായെങ്കിലും മറുവശത്ത് ഉറച്ചുനിന്ന യതി ശർമ്മ 22-ാം ഓവറിൽ ടീമിനെ വിജയത്തിലെത്തിച്ചു. 60 പന്തുകളിൽ 13 ബൗണ്ടറികളടക്കം 78 റൺസുമായി യതി ശർമ്മ പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ആര്യനന്ദ രണ്ടും ആദ്യ ജിനു, ലെക്ഷിദ ജയൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

സ്കോർ

കേരളം - 35 ഓവറിൽ 113/6

ഛത്തീസ്ഗഢ് - 21.4 ഓവറിൽ 116/4

Related Stories

No stories found.
Times Kerala
timeskerala.com