ആലപ്പുഴ : ജൈനമ്മ തിരോധാനക്കേസിലടക്കം പ്രതിയായ സെബാസ്റ്റ്യൻ്റെ കസ്റ്റഡി കാലാവധി ഇന്നാണ് അവസാനിക്കുന്നത്. അടിമുടി ചോദ്യംചെയ്‌തിട്ടും ഇയാൾക്ക് യാതൊരു കുലുക്കവുമില്ല. ഡി എൻ എ പരിശോധനയുടെ ഫലം കിട്ടുന്ന മുറയ്ക്ക് പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം. (Cherthala women missing case)
ഇന്നലെ ഇയാളുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സുഹൃത്ത് റോസമ്മയുടെ വീട്ടിലും കോഴി ഫാമിലും പരിശോധന നടത്തിയിരുന്നു. ഭാര്യ നൽകിയ മൊഴി ബിന്ദു പത്മനാഭനുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളുടെ ചില വിവരങ്ങൾ അറിയാമെന്നായിരുന്നു. ഇവരുടെ മൊഴി എടുക്കുന്നത് രണ്ടാം തവണയാണ്.
അതേസമയം, പണ്ടുമുതലേ ക്രിമിനൽ മൈൻഡ് കാത്തുസൂക്ഷിച്ച വ്യക്തിയാണ് സെബാസ്റ്റ്യൻ എന്നാണ് വിവരം. സ്വത്ത് തർക്കം മൂലം ബന്ധുക്കൾക്ക് പതിനേഴാം വയസിൽ ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ ഇയാളുടെ വിവാഹം അൻപതാം വയസിലാണ് നടന്നത്. ഇയാൾ മൂന്ന് സ്ത്രീകളെയും സ്വത്തിനായി കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്.
വിഷം കലർത്തി നൽകിയ സംഭവത്തിൽ ഒരു ബന്ധു പൊലീസിന് മൊഴി നൽകിയിരുന്നു. പ്രതി പത്താം ക്ലാസ് വരെ പഠിച്ചു. സ്വകാര്യ ബസിൽ ക്ലീനറായും, ടാക്സി ഡ്രൈവറായും ഒക്കെ ജോലി ചെയ്തതിന് ശേഷമാണ് റിയൽ എസ്റ്റേറ്റ് ബ്രോക്കറായത്.