

മലപ്പുറം: കല്യാണ വീട്ടിലെ കലവറയിൽ സഹായിക്കുന്നതിനിടെ തിളച്ച വെള്ളത്തിൽ വീണ് ചികിത്സയിലായിരുന്ന ചേളാരി സ്വദേശി മരിച്ചു. താഴെ ചേളാരി വി.എ.യു.പി സ്കൂൾ ബസ് ഡ്രൈവറായ അയ്യപ്പൻ (55) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരമായിരുന്നു മരണം.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 1.30-ഓടെയായിരുന്നു സംഭവം. ബന്ധുവിന്റെ വീട്ടിലെ വിവാഹത്തോടനുബന്ധിച്ചുള്ള കലവറയിൽ സഹായിക്കുകയായിരുന്നു അയ്യപ്പൻ. പായസമുണ്ടാക്കുന്നതിനായി വെള്ളം തിളപ്പിച്ചുകൊണ്ടിരുന്ന വലിയ പാത്രത്തിന് സമീപം നിൽക്കെ അബദ്ധത്തിൽ കാല് തെറ്റി പാത്രത്തിലേക്ക് വീഴുകയായിരുന്നു.
അപകടത്തിൽ അയ്യപ്പന്റെ ശരീരത്തിൽ 70 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ദീർഘകാലമായി ചേളാരി വി.എ.യു.പി സ്കൂളിലെ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. സരസ്വതിയാണ് ഭാര്യ.