

തൃശൂർ: ചേലക്കര പഞ്ചായത്തിലെ സിപിഎം വാർഡ് മെമ്പർ പി. രാമചന്ദ്രൻ സ്ഥാനം രാജിവെച്ചു. പഞ്ചായത്തിലെ പതിനാറാം വാർഡിനെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധമായി വോട്ട് ചെയ്തതിനെത്തുടർന്ന് രാമചന്ദ്രൻ സിപിഎമ്മിന്റെ സസ്പെൻഷനിലായിരുന്നു.
എൽഡിഎഫും യുഡിഎഫും തുല്യശക്തികളായിരുന്ന ചേലക്കര പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിർണ്ണായകമായിരുന്നു. എന്നാൽ വോട്ടെടുപ്പ് വേളയിൽ സിപിഎം മെമ്പറായിരുന്ന രാമചന്ദ്രൻ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുകയായിരുന്നു. ഈ അപ്രതീക്ഷിത വോട്ട് മറിക്കലിലൂടെയാണ് പഞ്ചായത്ത് ഭരണം യുഡിഎഫിന്റെ കൈകളിലെത്തിയത്.
പാർട്ടി നിർദ്ദേശം ലംഘിച്ച രാമചന്ദ്രനെതിരെ സിപിഎം കടുത്ത നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹം അംഗത്വം രാജിവെച്ചിരിക്കുന്നത്. ഇതോടെ പതിനാറാം വാർഡിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്.