ഇടുക്കി: കേരള മനഃസാക്ഷിയെ ഞെട്ടിച്ച ചീനിക്കുഴിയിലെ കൂട്ടക്കൊലക്കേസിൽ, പ്രതി ഹമീദിന് മുട്ടം കോടതി കൊലക്കയർ വിധിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വിധി പ്രഖ്യാപിക്കുമെന്ന് അറിഞ്ഞതോടെ വിധി കേൾക്കാനായി വലിയ ജനക്കൂട്ടമാണ് മുട്ടം കോടതിയിലേക്ക് ഒഴുകിയെത്തിയത്.(Cheenikuzhy massacre, Hameed's expression remains unchanged even after hearing the court verdict)
കോടതി നടപടികൾക്കായി എത്തിയപ്പോഴും വിധി കേട്ടപ്പോഴും ഹമീദിന് യാതൊരു കുറ്റബോധമോ കൂസലോ ഉണ്ടായിരുന്നില്ല. ആളുകൾക്കിടയിലൂടെ യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ഹമീദ് കോടതിക്കുള്ളിലേക്ക് കയറിയത്.
ജഡ്ജി ആഷ് കെ. ബാൽ സീറ്റിലെത്തിയപ്പോൾ പ്രതിക്കൂട്ടിൽ കയറി, തികച്ചും നിർവികാരനായി വിധിക്കായി നിന്നു. ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ മുഖം മാസ്‌കിട്ട് മറച്ചു. വിധി പ്രസ്താവിച്ചപ്പോൾ യാതൊരു പശ്ചാത്താപവുമില്ലാതെ കേട്ടുനിന്നു. ജയിലിൽ നിന്ന് കൈയാമം വെച്ച് കൊണ്ടുവരുമ്പോഴും വിധി കേട്ടപ്പോഴും പ്രതി മറ്റ് പ്രതികരണങ്ങളൊന്നും നടത്തിയില്ല.
വിധി വിശദീകരിക്കുന്നതിനും അപ്പീൽ നൽകുന്നതുമായ കാര്യങ്ങൾക്കായി മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയ ശേഷം ഹമീദിനെ മുട്ടം ജയിലിലേക്ക് തന്നെ തിരിച്ചയച്ചു. മകനെയും കുടുംബത്തെയും ചുട്ടുകൊന്ന പ്രതിക്ക് കൊലക്കയർ ലഭിക്കുന്നതിൽ പ്രത്യേക പോലീസ് സംഘത്തിന്റെ അന്വേഷണ മികവ് നിർണ്ണായകമായി.
സംഭവമുണ്ടായി മണിക്കൂറുകൾക്കകം കരിമണ്ണൂർ പോലീസ് ഹമീദിനെ പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും കൊലപാതകം എങ്ങനെ ചെയ്തെന്ന് വിവരിക്കുകയും ചെയ്തു.
കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞതിനാൽ പ്രതിക്ക് ജാമ്യം പോലും ലഭിച്ചില്ല. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് വിചാരണ പൂർത്തിയാക്കിയത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സുനിൽകുമാറിനും ഇത് അഭിമാന നിമിഷമാണ്. പഴുതടച്ച അന്വേഷണവും വാദങ്ങളുമാണ് കേസിൽ കൊലക്കയർ വിധിയിലേക്ക് നയിച്ചത്.