ഇടുക്കി: നാടിനെ നടുക്കിയ ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി ഹമീദിന് കോടതി വധശിക്ഷ വിധിച്ചു. പത്ത് വർഷം തടവുശിക്ഷ അനുഭവിക്കുന്നതിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴ നൽകാനും തൊടുപുഴ അഡീഷണൽ ജില്ലാ കോടതി ഉത്തരവിട്ടു. നേരത്തെ ഹമീദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.(Cheenikuzhy massacre, Court sentences accused Hamid to death, fines him Rs 5 lakh)
ചീനിക്കുഴി സ്വദേശി അലിയാക്കുമന്നേൽ ഹമീദ് സ്വന്തം മകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റിൻ, അസ്ന എന്നിവരെയാണ് തീ കൊളുത്തി കൊലപ്പെടുത്തിയത്.
2022 മാർച്ച് 18-നായിരുന്നു ക്രൂരമായ കൊലപാതകം. കുടുംബ വഴക്ക്, സ്വത്ത് തർക്കം എന്നിവയായിരുന്നു കൊലപാതകത്തിന് കാരണം. കുടുംബ വഴക്കിനെ തുടർന്ന് വീട്ടിലെ കിടപ്പുമുറി പുറത്ത് നിന്ന് പൂട്ടിയ ശേഷമായിരുന്നു ഹമീദ് തീ കൊളുത്തിയത്.
വീട്ടിലെ വാട്ടർ ടാങ്ക് കാലിയാക്കി. തുടർന്ന് ജനൽ വഴി പെട്രോൾ നിറച്ച കുപ്പികൾ തീ കൊളുത്തി അകത്തേക്കെറിയുകയായിരുന്നു. അയൽവാസികളെത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ ആരെയും രക്ഷിക്കാൻ സാധിച്ചില്ല.
പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നൽകണമെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. "നാലുപേരെ ജീവനോടെ കത്തിച്ച ആളാണ് പ്രതി. നിഷ്കളങ്കരായ രണ്ടു കുട്ടികളെ പോലും വെറുതെ വിട്ടില്ല. പൊതുസമൂഹത്തിൻ്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണിത്," എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
പ്രതിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. 71 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വാദം പൂർത്തിയായത്. സംഭവത്തിന് ദൃക്‌സാക്ഷികളുടേതുൾപ്പെടെയുള്ള മൊഴികൾ പ്രോസിക്യൂഷന് അനുകൂലമായിരുന്നു.