ഇടുക്കി: ചീനിക്കുഴിയിൽ കുടുംബത്തിലെ നാല് പേരെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അലിയാക്കുന്നേൽ ഹമീദിനുള്ള ശിക്ഷ ഇന്ന് വിധിക്കും. തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.(Cheenikuzhy massacre case, Accused Hameed's sentence to be pronounced today)
മകൻ മുഹമ്മദ് ഫൈസൽ, മകന്റെ ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റിൻ, അസ്ന എന്നിവരെ തീകൊളുത്തി കൊലപ്പെടുത്തിയത് ഹമീദാണെന്ന് കോടതി കണ്ടെത്തി. കുടുംബവഴക്കും സ്വത്ത് തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2022 മാർച്ച് 18-ന് രാത്രി വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന നാലുപേരെയും ഹമീദ് പെട്രോൾ ഒഴിച്ച് ജീവനോടെ കത്തിക്കുകയായിരുന്നു.
വീടിന്റെ കിടപ്പുമുറി പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് ഹമീദ് തീ കൊളുത്തിയത്. വീട്ടിലെ വാട്ടർ ടാങ്ക് കാലിയാക്കിയ ശേഷം, ജനൽ വഴി പെട്രോൾ നിറച്ച കുപ്പികൾ തീകൊളുത്തി അകത്തേക്ക് എറിയുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ എത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ ആരെയും രക്ഷിക്കാൻ സാധിച്ചില്ല.
നാലുപേരെ ജീവനോടെ കത്തിച്ച, നിഷ്കളങ്കരായ രണ്ട് കുട്ടികളെ പോലും വെറുതെ വിടാത്ത പ്രതിക്ക് പരമാവധി ശിക്ഷ (വധശിക്ഷ) തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഇത് പൊതുസമൂഹത്തിൻ്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ശ്വാസ തടസ്സം ഉൾപ്പെടെയുള്ള അസുഖങ്ങളുണ്ടെന്നും പ്രതി ഹമീദ് കോടതിയെ അറിയിച്ചു. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. 71 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കേസിൽ വാദം പൂർത്തിയായത്. സംഭവത്തിന് ദൃക്സാക്ഷികളുടേത് ഉൾപ്പെടെയുള്ള മൊഴികൾ പ്രോസിക്യൂഷന് അനുകൂലമായി.