
സലാല (ഒമാൻ): ചാവക്കാട് തളിക്കുളം സ്വദേശി സലാലയിൽ മുങ്ങി മരിച്ചു. തളിക്കുളം പൂക്കലത്ത് ഹാഷിം (36) ആണ് വിനോദസഞ്ചാര കേന്ദ്രമായ ഐൻ ഗർസീസിൽ സന്ദർശനം നടത്തുന്നതിനിടെ അപകടത്തിൽപ്പെട്ട് മരണപ്പെട്ടത്. സലാലയിലെ മുൻകാല പ്രവാസിയായ അൽ ഹഖ് അബ്ദുൽ ഖാദറിൻ്റെ മകനാണ് ഹാഷിം.കാനഡയിൽ നിന്ന് മാതാപിതാക്കളെ സന്ദർശിക്കാൻ എത്തിയതായിരുന്നു
കാനഡയിൽ എൻജിനിയറായി ജോലി ചെയ്യുകയായിരുന്നു ഹാഷിം. ഭാര്യ ഷരീഫയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം കാനഡയിലാണ് ഇദ്ദേഹം സ്ഥിരതാമസം.കാനഡയിൽ നിന്ന് ഭാര്യയോടും മക്കളോടുമൊപ്പം ഉംറ നിർവഹിച്ച ശേഷം സലാലയിലുള്ള മാതാപിതാക്കളെ സന്ദർശിക്കാൻ എത്തിയതായിരുന്നു ഹാഷിം. സന്ദർശനം പൂർത്തിയാക്കി കാനഡയിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണമായ ഈ അന്ത്യം സംഭവിച്ചത്. ആർ.എസ്.സി. കാനഡ നാഷണൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം സലാലയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.