

തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനേതര വിഭാഗത്തിലുള്ള വെള്ള, നീല റേഷൻ കാർഡുടമകൾക്ക് ജനുവരി മാസത്തിൽ അധിക അരി വിഹിതം ലഭിക്കില്ല. കഴിഞ്ഞ മാസങ്ങളിൽ ലഭിച്ചിരുന്ന പ്രത്യേക വിഹിതം നിർത്തലാക്കിയതോടെ ഈ മാസം സാധാരണ ലഭിക്കുന്ന വിഹിതം മാത്രമായിരിക്കും ഉപഭോക്താക്കൾക്ക് ലഭിക്കുക.(Change in ration allocation, White and blue card holders will not get extra rice this month)
വെള്ള കാർഡുകാർക്ക് കഴിഞ്ഞ മാസം അധിക വിഹിതമടക്കം 10 കിലോ അരി ലഭിച്ചിരുന്ന സ്ഥാനത്ത് ഈ മാസം 2 കിലോ അരി മാത്രമാണ് ലഭിക്കുക. നീല കാർഡുള്ളവർക്ക് ഓരോ അംഗത്തിനും 2 കിലോ വീതം അരി ലഭിക്കും. കഴിഞ്ഞ മാസം ലഭിച്ചിരുന്ന 5 കിലോ അധിക വിഹിതം ഇത്തവണ ഉണ്ടാകില്ല.
ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം വെള്ള, നീല കാർഡുകാർക്ക് റേഷൻ വിഹിതത്തിൽ ആട്ട ഉൾപ്പെടുത്തിയിട്ടുണ്ട്. 2023 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് ഈ വിഭാഗത്തിന് ആട്ട അനുവദിക്കുന്നത്. താലൂക്കുകളിലെ ലഭ്യത അനുസരിച്ച് ഒരു കാർഡിന് ഒന്ന് മുതൽ രണ്ട് കിലോ വരെ ആട്ട ലഭിക്കും. കിലോയ്ക്ക് 17 രൂപയാണ് നിരക്ക്. എൻ.പി.ഐ കാർഡുകൾക്ക് പരമാവധി ഒരു കിലോ ആട്ട ലഭിക്കും.
പുതുവർഷത്തോടനുബന്ധിച്ച് ഇന്നും (ജനുവരി 1), മന്നം ജയന്തി പ്രമാണിച്ച് നാളെയും (ജനുവരി 2) സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധിയായിരിക്കും. ജനുവരി മാസത്തെ റേഷൻ വിതരണം ശനിയാഴ്ച (ജനുവരി 4) ആരംഭിക്കും. ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിലെ മണ്ണെണ്ണ വിഹിതവും ഈ മാസത്തെ റേഷനൊപ്പം വിതരണം ചെയ്യുമെന്ന് സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു.