തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്തെ മഴ സാഹചര്യം ഞായറാഴ്ചയോടെ രൂക്ഷമായേക്കാൻ സാധ്യത. ഈ ന്യൂനമർദ്ദം നാളെയോടെ തീവ്ര ന്യൂനമർദ്ദമായും ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിച്ച് തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനം കാരണം ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരളത്തിൽ മഴ ശക്തമായേക്കും. മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 4 മണിക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു(Change in rain alert in Kerala, Orange alert in 2 districts today)
ഇന്നത്തെ മഴ മുന്നറിയിപ്പ്
ഇന്നും നാളെയും മഴയുടെ ശക്തി പൊതുവിൽ കുറയാനാണ് സാധ്യതയെങ്കിലും, ഇന്ന് രണ്ട് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്:
ഓറഞ്ച് അലർട്ട്: കണ്ണൂർ, കാസർഗോഡ് ജില്ലകൾ.
യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾ.
നാളെ (ഒക്ടോബർ 25) പൊതുവിൽ മഴ ദുർബലമാകാനാണ് സാധ്യത. നിലവിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ന്യൂനമർദ്ദ സ്വാധീനം
നിലവിലെ അറബിക്കടൽ ന്യൂനമർദ്ദത്തിന്റെയും ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദത്തിന്റെയും സ്വാധീനഫലമായി ഇടിമിന്നലോടു കൂടിയ തുലാവർഷ മഴയ്ക്ക് പകരം താൽകാലികമായി കാലവർഷ ടൈപ്പ് മഴ തിങ്കളാഴ്ച/ചൊവ്വാഴ്ച കൂടിയും കുറഞ്ഞും തുടർന്നേക്കും. ബംഗാൾ ന്യൂനമർദ്ദം തീരത്തോട് അടുക്കുന്നതിന് അനുസരിച്ച് ഞായറാഴ്ച-തിങ്കളാഴ്ചയോടെ മഴയിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നു.
പ്രളയ സാധ്യത മുന്നറിയിപ്പ്
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദികളിൽ മഞ്ഞ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നു.
തിരുവനന്തപുരം ജില്ല: വാമനപുരം നദി (മൈലമൂട് സ്റ്റേഷൻ)
പത്തനംതിട്ട ജില്ല: അച്ചൻകോവിൽ നദി (കല്ലേലി സ്റ്റേഷൻ & കോന്നി സ്റ്റേഷൻ)
ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവരും പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാൻ തയ്യാറാവണം.