

പത്തനാപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടാൻ മുൻകൈ എടുത്തത് മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. രാഷ്ട്രീയ ലാഭത്തിനായി ഉമ്മൻ ചാണ്ടിയെ കുടുക്കി എൽഡിഎഫിലേക്ക് പോകാനാണ് ഗണേഷ്‌കുമാർ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പത്തനാപുരം മാങ്കോട് കോൺഗ്രസ് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചാണ്ടി ഉമ്മൻ.
സോളാർ പരാതിക്കാരിയുടെ കത്ത് 18 പേജിൽ നിന്ന് 24 പേജായി വർദ്ധിപ്പിച്ചത് ഗണേഷ്‌കുമാറാണ്. അധികമായി ചേർത്ത ആറ് പേജുകളും ഉമ്മൻ ചാണ്ടിയെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു.ഉമ്മൻ ചാണ്ടിയുടേതെന്ന പേരിൽ സിഡി തേടി ഗണേഷ്‌കുമാർ കോയമ്പത്തൂരിലേക്കും തമിഴ്‌നാട്ടിലേക്കും യാത്രകൾ നടത്തി. "എന്നിട്ട് ആ സിഡി കിട്ടിയോ?" എന്ന് ചാണ്ടി ഉമ്മൻ പരിഹസിച്ചു.
ആർ. ബാലകൃഷ്ണപിള്ളയുമായി ഉമ്മൻ ചാണ്ടിക്ക് അടുത്ത സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ മകനിൽ നിന്ന് തികച്ചും നീചമായ പ്രവൃത്തികളാണ് ഉണ്ടായതെന്ന് ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി.ഈ വിഷയത്തിൽ കൊട്ടാരക്കര കോടതിയിൽ ഇപ്പോഴും കേസ് നടക്കുന്നുണ്ട്. ഉമ്മൻ ചാണ്ടി തെറ്റായ ഒന്നും ചെയ്തിട്ടില്ലെന്നും കാലം നീതി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോളാർ കേസിൽ ഗണേഷ്‌കുമാറിന്റെ പങ്കിനെക്കുറിച്ച് ഉമ്മൻ ചാണ്ടിയുടെ കുടുംബം പരസ്യമായി ഇത്രയും രൂക്ഷമായ പ്രതികരണം നടത്തുന്നത് ഇതാദ്യമാണ്. കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.