തിരുവനന്തപുരം: എൻ.എസ്.എസ്, എസ്.എൻ.ഡി.പി നേതൃത്വങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തുന്ന പരസ്യമായ ഏറ്റുമുട്ടലിൽ കോൺഗ്രസിനുള്ളിൽ ആശങ്ക പുകയുന്നു. സമുദായ നേതാക്കളോടുള്ള വെല്ലുവിളി ഒഴിവാക്കണമെന്നും അനാവശ്യമായ ഏറ്റുമുട്ടലുകൾ പാർട്ടിക്ക് ദോഷം ചെയ്യുമെന്നുമാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാട്.(Challenges to community leaders should be avoided, A section of Congress against VD Satheesan)
നായർ-ഈഴവ ഐക്യത്തിനുള്ള നീക്കങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ, സമുദായ നേതാക്കളെ പിണക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം നേതാക്കൾ ഭയപ്പെടുന്നു.
വെള്ളാപ്പള്ളി നടേശനും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും കഴിഞ്ഞ ദിവസം സതീശനെതിരെ രംഗത്തെത്തിയിരുന്നു. വിമർശനങ്ങൾ ശക്തമായപ്പോഴും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷ നേതാവ്.