

ചാലക്കുടി: വി.ആർ പുരം ഐ.ടി.ഐക്ക് സമീപം ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് മുഖം മറച്ച അജ്ഞാതൻ പ്രത്യക്ഷപ്പെട്ടത്. കയ്യിൽ വാളിന് സമാനമായ വലിയ ആയുധവുമായാണ് ഇയാൾ നടന്നുനീങ്ങുന്നത്.
പുലർച്ചെ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് വീട്ടുകാർ ഒരാൾ മുഖംമൂടി ധരിച്ച് ഓടുന്നത് കണ്ടത്. ഉടൻ തന്നെ വീട്ടുകാർ ഇയാളെ പിന്തുടർന്നെങ്കിലും അജ്ഞാതൻ ഇരുട്ടിലേക്ക് ഓടിമറയുകയായിരുന്നു. സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആയുധധാരിയായ ഇയാളുടെ ദൃശ്യം വ്യക്തമായി ലഭിച്ചത്. ഇയാൾ മതിൽ ചാടിക്കടക്കുന്നതും പരിസരത്ത് നിരീക്ഷണം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
ദൃശ്യങ്ങൾ സഹിതം നാട്ടുകാർ ചാലക്കുടി പോലീസിൽ പരാതി നൽകി. പ്രദേശത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും ഭീതി അകറ്റാൻ അടിയന്തര നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
മോഷണസംഘങ്ങളാണോ ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ വീടിന് പുറത്തിറങ്ങുന്നവരും പുലർച്ചെ ജോലിക്ക് പോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശം നൽകി.