ഗർഭാശയഗളാർബുദം നേരത്തെ കണ്ടെത്തി ചികിത്സിക്കുക പ്രധാനം; നവംബർ 17 ലോക ഗർഭാശയഗളാർബുദ നിർമ്മാർജന ദിനം | Cervical Cancer Elimination Day

കേരളത്തിൽ 7.9 ശതമാനത്തോളം സ്ത്രീകളിൽ ഗർഭാശയഗളാർബുദം ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്
Cervical-Cancer-Elimination-Day
Published on

സ്ത്രീകളെ ബാധിക്കുന്ന പ്രധാനപ്പെട്ട കാൻസറുകളിൽ ഒന്നാണ് ഗർഭാശയഗളാർബുദം അഥവാ സെർവിക്കൽ കാൻസർ. വിവിധ കാരണങ്ങളാൽ ഈ രോഗം സ്ത്രീകളിൽ വരാൻ സാധ്യതയുണ്ടെങ്കിലും ഹ്യൂമൻ പാപ്പിലോമാ വൈറസ് എന്ന രോഗാണുവിന്റെ സാന്നിധ്യമാണ് ഈ ക്യാൻസറിലേക്ക് നയിക്കുന്ന പ്രധാന കാരണം. കേരളത്തിൽ 7.9 ശതമാനത്തോളം സ്ത്രീകളിൽ ഗർഭാശയഗളാർബുദം ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെ കണ്ടത്തിയാൽ സങ്കീർണതകളില്ലാതെ ചികിത്സിക്കാൻ കഴിയുന്ന രോഗമാണ് കാൻസർ. ജനകീയ ആരോഗ്യ കേന്ദ്രം മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിശ്ചിത ദിവസങ്ങളിൽ കാൻസർ സ്‌ക്രീനിംഗിന് സൗകര്യമുണ്ട്. എല്ലാവരും തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി കാൻസർ സ്‌ക്രീനിംഗ് നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. (Cervical Cancer Elimination Day)

സ്തനാർബുദവും തൈറോയ്ഡ് ക്യാൻസറും കഴിഞ്ഞാൽ ഗർഭാശയഗളാർബുദ കാൻസറാണ് കാണുന്നതെങ്കിലും മരണനിരക്ക് നോക്കുമ്പോൾ ഗർഭാശയഗള കാൻസറാണ് കൂടുതലായി കാണപ്പെടുന്നത്. പരിശോധന നടത്തുന്നതിനുള്ള കാലതാമസവും രോഗം കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിംഗ് ക്യാമ്പുകളിൽ എത്തുന്നതിനുള്ള വൈമുഖ്യവും കാരണമാണ് ഈ രോഗം പലപ്പോഴും ഗുരുതരമായി മാറാൻ ഇടയാവുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിനും, രോഗം നേരത്തെ കണ്ടെത്തുന്നതിനും, സംസ്ഥാന ആരോഗ്യ വകുപ്പ് 'ആരോഗ്യം ആനന്ദം - അകറ്റാം അർബുദം' എന്ന ക്യാമ്പയിൻ നടപ്പിലാക്കി വരുന്നു.

2024 ഫെബ്രുവരി 4-ന് ആരംഭിച്ച ഈ ക്യാമ്പയിനിൽ 20 ലക്ഷത്തിൽപ്പരം പേർ പങ്കെടുക്കുകയും മുപ്പതിനായിരത്തോളം പേരെ ഗർഭാശയഗള കാൻസർ രോഗം സംശയിച്ച് തുടർപരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 84 പേർക്ക് കാൻസർ സ്ഥിരീകരിക്കുകയും 243 പേർക്ക് കാൻസർ വരാനുള്ള (പ്രീ കാൻസർ) ലക്ഷണം കണ്ടെത്താനും സാധിച്ചു. പ്രീ കാൻസർ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ അവർക്ക് കാൻസർ വരാതെ തടയാനാകും. ഗർഭാശയഗളാർബുദം തടയുന്നതിന് ഏറ്റവും ഉചിതമായ മാർഗം വാക്‌സിനേഷനാണ്. കൗമാരക്കാരായ പെൺകുട്ടികൾക്കാണ് ഈ വാക്‌സിൻ നൽകേണ്ടത്. കേരളത്തിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സെർവിക്കൽ കാൻസറിനെതിരെയുള്ള വാക്‌സിൻ നൽകുന്നതിനുള്ള ഒരു ബൃഹത് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചിട്ടുണ്ട്. ഗർഭാശയഗളാർബുദ നിർമാർജനത്തിൽ ഈ വാക്സിനേഷൻ വളരെയേറെ സഹായിക്കും.

Related Stories

No stories found.
Times Kerala
timeskerala.com