'കേന്ദ്ര ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ല, ഡിസംബർ 19ന് ലേബർ കോൺക്ലേവ് നടത്തും': പ്രമേയം പാസാക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി | Labour Code

ലേബർ കോഡ് പിൻവലിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് ഇമെയിൽ അയക്കും
'കേന്ദ്ര ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ല, ഡിസംബർ 19ന് ലേബർ കോൺക്ലേവ് നടത്തും': പ്രമേയം പാസാക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി | Labour Code

തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. യോഗത്തിൽ പ്രമേയം പാസാക്കിയതായി അദ്ദേഹം അറിയിച്ചു. തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് പുറമെ സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി., എ.ഐ.ടി.യു.സി., ബി.എം.എസ്., എസ്.ടി.സി., യു.ടി.യു.സി. തുടങ്ങിയ പ്രമുഖ സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.(Central Labour Code will not be implemented in Kerala, says Minister V Sivankutty)

ലേബർ കോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡിസംബർ 19-ന് ലേബർ കോൺക്ലേവ് നടത്തും. ലേബർ കോഡിനെ എതിർക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെയും യോഗത്തിലേക്ക് ക്ഷണിക്കും. നൂറ് പേരെയാണ് കോൺക്ലേവിലേക്ക് പ്രതിനിധികളായി ഉദ്ദേശിക്കുന്നത്.

യോഗത്തിൽ സംസ്ഥാനത്തിന് മാത്രമായി പ്രത്യേക തൊഴിൽ നിയമം ഉണ്ടാക്കുന്നതിനുള്ള സാധ്യത, പുതിയ ലേബർ കോഡിൽ സംസ്ഥാനത്തിന് എത്രത്തോളം ഇടപെടാനാവും എന്നതടക്കം ചർച്ച ചെയ്യും. നിയമ പണ്ഡിതരുടെയടക്കം അഭിപ്രായം ഇക്കാര്യത്തിൽ പരിഗണിക്കും.

ലേബർ കോഡ് പിൻവലിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് ഇമെയിൽ അയക്കും. ഡിസംബർ 19-ന് ശേഷമുള്ള കോൺക്ലേവിന് ശേഷം കേന്ദ്രമന്ത്രിയെ കണ്ട് ലേബർ കോഡ് പിൻവലിക്കാൻ നിവേദനം നൽകുമെന്നും മന്ത്രി അറിയിച്ചു.

ഇന്നലെ രാജ്യവ്യാപകമായി കറുത്ത ബാഡ്ജ് ധരിച്ച് തൊഴിലാളികൾ പ്രതിഷേധ സമരം നടത്തിയിരുന്നു. "ഇത്തരത്തിൽ ബാഡ്ജ് ധരിച്ചവർക്കെതിരെ ചില സ്ഥാപനങ്ങളിൽ നോട്ടീസ് നൽകിയതായി അറിഞ്ഞു. അത്തരത്തിലൊരു നടപടി കേരളത്തിലെ ഒരു തൊഴിലാളിക്കെതിരെ എടുക്കാൻ സാധിക്കില്ലെന്ന് ഓർമിപ്പിക്കുന്നു. അതിന് സർക്കാർ അനുവദിക്കില്ല," മന്ത്രി പറഞ്ഞു.

തൊഴിലാളികളുടെ പ്രതിഷേധങ്ങളെ ഭയപ്പെടുത്തി അടിച്ചമർത്താൻ സംസ്ഥാന സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലേബർ കോഡ് വന്നശേഷം നടപ്പിലാക്കാനായി കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ലേബർ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. അന്നത്തെ ലേബർ സെക്രട്ടറി മിനി ആൻ്റണി യോഗത്തിൽ പങ്കെടുക്കുകയും റൂൾസ് ഫ്രെയിം ചെയ്യാൻ നിർദ്ദേശിച്ചതനുസരിച്ച് അത് തയ്യാറാക്കി സർക്കാരിന് കൈമാറുകയും ചെയ്തിരുന്നു.

2022 ജൂലൈ 9-ന് അപ്പോളോ ഡിമോറോയിൽ വെച്ച് നടന്ന സെമിനാറിൽ കരട് എല്ലാവർക്കും വിതരണം ചെയ്യുകയും ലേബർ കമ്മീഷണറുടെ സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തൊഴിലാളി വിരുദ്ധ വകുപ്പുകൾ ഒഴിവാക്കാൻ സംസ്ഥാന തൊഴിൽ മന്ത്രിയെ ചുമതലപ്പെടുത്തിയെങ്കിലും കേന്ദ്രം നടപടിയൊന്നും സ്വീകരിച്ചില്ല. അതിനാൽ, 'കരട് ഈ കെട്ടിവച്ച നിലയിൽ ഇവിടെ തന്നെയിരിക്കും' എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com