ഒറ്റദിവസത്തിനുള്ളിൽ നടപടി; കൊല്ലത്ത് ദേശീയപാത തകർന്നതിൽ കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാൻ നീക്കം | National Highway

സംഭവത്തിൽ വീഴ്ച വരുത്തിയ കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് അടക്കം കേന്ദ്രം നൽകിക്കഴിഞ്ഞു
national highway
Updated on

കൊട്ടിയം: കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ (National Highway) സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ അടിയന്തര നടപടിയുമായി കേന്ദ്ര സർക്കാർ. കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് അടിയന്തര വിലക്ക് കൽപ്പിച്ച കേന്ദ്രം, കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കവും ആരംഭിച്ചു.

കൊട്ടിയം മൈലക്കാടിന് സമീപത്തെ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇന്നലെയാണ് തകർന്നത്. സംഭവത്തിൽ വീഴ്ച വരുത്തിയ കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് അടക്കം കേന്ദ്രം നൽകിക്കഴിഞ്ഞു. അപകടത്തെ തുടർന്ന് കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് അടിയന്തര വിലക്ക് ഏർപ്പെടുത്തി . കരാർ കമ്പനിയുടെ പ്രോജക്ട് മാനേജരെയും റെസിഡന്റ് എഞ്ചിനീയറെയും തൽസ്ഥാനത്ത് നിന്ന് മാറ്റി. മണ്ണ് പരിശോധനയിലും അടിസ്ഥാന നിർമ്മാണത്തിലും വീഴ്ചയുണ്ടായെന്ന് കേന്ദ്രം കണ്ടെത്തി. വിദഗ്ദ്ധസമിതി സ്ഥലം സന്ദർശിക്കുന്നുണ്ടെന്നും സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി.

സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചിരുന്നു. ദേശീയപാത 66-ന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കൂടാതെ, ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിൽ അടിയന്തര അന്വേഷണം നടത്താൻ മന്ത്രി പൊതുമരാമത്ത് സെക്രട്ടറിക്കും നിർദേശം നൽകിയിട്ടുണ്ട്.

ദേശീയപാത അതോറിറ്റി വൃത്തങ്ങൾ അറിയിച്ചതനുസരിച്ച്, മണ്ണിടിഞ്ഞ് താഴാനുണ്ടായ സാഹചര്യം വിദഗ്ദ്ധരെ നിയോഗിച്ച് വിശദമായി പരിശോധിക്കും. 31.25 കിലോമീറ്റർ ദൂരം വരുന്ന കടമ്പാട്ടുക്കോണം - കൊല്ലം സ്ട്രെച്ചിലാണ് ഈ അപകടമുണ്ടായത്. ശിവാലയ കൺസ്ട്രക്ഷൻസിനാണ് നിർമ്മാണ ചുമതല.

മലപ്പുറം കൂരിയാട് അടക്കം നിർമ്മാണത്തിലിരിക്കെ ദേശീയപാത തകർന്ന വിവാദം നിലനിൽക്കുന്നതിനിടെയാണ് കൊല്ലത്തും സംഭവം. ദേശീയ ജലപാതയ്ക്കായി കായലിൽ നിന്ന് കുഴിച്ചെടുത്ത മണ്ണ് ദേശീയ പാത നിർമ്മാണത്തിന് ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. കൊല്ലം റീച്ചിൽ കുഴി നികത്താനും അപ്രോച്ച് റോഡിന്റെ ഫില്ലിങ്ങിനും അഷ്ടമുടിക്കായലിൽ നിന്നുള്ള മണ്ണ് ഉപയോഗിച്ചിരുന്നതായി എൻ.എച്ച്.ഐ. വൃത്തങ്ങൾ സമ്മതിച്ചിരുന്നു. തകർന്ന സ്ഥലത്ത് ഈ മണ്ണ് ഉപയോഗിച്ചിരുന്നോ എന്നതിനെക്കുറിച്ചും പരിശോധന വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ട്.

Summary

The Central Government has taken swift action against the contractor responsible for the collapse of a retaining wall on National Highway 66 in Kottiyam, Kollam. The contract company has been immediately banned for one month, and proceedings have begun to blacklist the firm permanently after initial findings revealed failures in soil testing and foundation work.

Related Stories

No stories found.
Times Kerala
timeskerala.com