
ഡൽഹി : സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയായ വയനാട് തുരങ്കപ്പാതയ്ക്ക് കേന്ദ്ര അനുമതി. കോഴിക്കോട് വയനാട് നാല് വരി തുരങ്കപ്പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകിയത്.
60 ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതി അന്തിമ പാരിസ്ഥിതികാനുമതി നല്‍കിയത്. ഇതോടെ കരാര്‍ ഒപ്പിട്ട് തുരങ്കപാതയുടെ പ്രവൃത്തി ആരംഭിക്കാനാകും. രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ വലിയ ഭൂഗർഭ പാതയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.
നേരത്തെ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് പല തവണ കേന്ദ്രം പദ്ധതി അവഗണിച്ചിരുന്നു. പലപ്പോഴായി സംസ്ഥാന സർക്കാരിൽ നിന്ന് കൂടുതൽ വിശദാംശങ്ങൾ തേടിയിരുന്നു. അതേസമയം വയനാട് ഏറ്റവും പരിസ്ഥിതി ലോല മേഖലയായതിനാൽ തന്നെ പദ്ധതിക്കെതിരെ സംസ്ഥാനത്ത് കടുത്ത പ്രതിഷേധമുയരാനുള്ള സാധ്യതയുണ്ട്.
1800 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കിയിരുന്നത്. മാറിയ സാഹചര്യത്തിൽ പദ്ധതിയുടെ ചെലവും ഉയരും. മെയ് 14-15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിലാണ് ആനക്കാംപൊയില്‍ കള്ളാടിമേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് നടപ്പിലാക്കാനുള്ള ശുപാര്‍ശ നല്‍കിയത്.
കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് പദ്ധതിയുടെ ഡിപിആർ തയ്യാറാക്കിയത്. 2134 കോടി രൂപ കിഫ്ബി പദ്ധതിക്കായി മാറ്റിവച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കണ്‍ റെയില്‍വേ എന്നിവയുടെ ത്രികക്ഷി കരാറിലാണ് തുരങ്കപാത നിര്‍മാണം നടക്കുക.