തിരുവനന്തപുരം: കേന്ദ്ര ഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കിയും സി.പി.ഐ.യെ പരോക്ഷമായി വിമർശിച്ചും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വീണ്ടും രംഗത്ത്. കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഫണ്ട് കേരളത്തിൻ്റെ അവകാശമാണെന്നും ആരുടെയും ഔദാര്യമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.(Central funds are Kerala's right, V Sivankutty clarifies political stance)
കേന്ദ്ര ഫണ്ടുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു ഭരണപരമായ ബാധ്യതയുടെയും വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടിൻ്റെയും സംയോജനമാണെന്ന് മന്ത്രി പറഞ്ഞു. ഈ ഫണ്ട് ഉപയോഗിക്കുന്നത് ഭിന്നശേഷി കുട്ടികൾ, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ തുടങ്ങിയ അർഹതപ്പെട്ടവർക്ക് വേണ്ടിയാണ്. ഈ ഫണ്ടിനായി ശ്രമിക്കുന്നത് സംസ്ഥാനത്തിൻ്റെ ഭരണഘടനാപരമായ കടമയും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണ്.
വിദ്യാഭ്യാസത്തിൻ്റെ മതനിരപേക്ഷതയും പുരോഗമന സ്വഭാവവും കാത്തുസൂക്ഷിക്കുക എന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അടിയുറച്ച നിലപാടാണ്, അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാനുള്ള ആദ്യ ഘട്ട ശ്രമം പോലും സംസ്ഥാന താൽപര്യം മുൻനിർത്തിയായിരുന്നു. നമ്മുടെ വിദ്യാഭ്യാസ നിയമങ്ങൾക്കും പാഠ്യപദ്ധതിക്കും എതിരല്ലാത്ത ഭാഗങ്ങൾ മാത്രം സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത്. കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഒരു പദ്ധതിയെ ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നത്, അത് നമ്മുടെ നയമാണ്. ഈ നയം ശക്തിപ്പെടുത്താൻ സംസ്ഥാനത്തിന് അർഹതപ്പെട്ട എല്ലാ ഫണ്ടുകളും നേടാൻ ഇനിയും ശ്രമിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
പി.എം. ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ഒടുവിൽ കേന്ദ്രത്തിന് കത്തയച്ചു. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി കത്ത് അയച്ച കാര്യം അറിയിച്ചത്. കഴിഞ്ഞ 29-നാണ് കരാറിൽ നിന്ന് പിന്മാറാൻ മന്ത്രിസഭ തീരുമാനിച്ചത്. എന്നാൽ, വിദ്യാഭ്യാസ വകുപ്പ് കത്ത് ബോധപൂർവ്വം വൈകിപ്പിച്ചു എന്നാരോപിച്ച് സി.പി.ഐ. അതൃപ്തി അറിയിച്ചിരുന്നു. മന്ത്രിമാരായ കെ. രാജനും പി. പ്രസാദും മുഖ്യമന്ത്രിയെ നേരിൽ കാണുകയും പാർട്ടിയുടെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഈ സമ്മർദ്ദത്തിന് വഴങ്ങിയാണ് കേരളം കേന്ദ്രത്തിന് കത്തയച്ചതെന്നാണ് സൂചന. ഇതിനിടെ തടഞ്ഞു വെച്ച എസ്.എസ്.കെ. ഫണ്ടിലെ ആദ്യ ഗഡു കേന്ദ്രം അനുവദിച്ചു.