
ഡല്‍ഹി: ഓണത്തോടനുബന്ധിച്ച് കേരളത്തിന് പ്രത്യേക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയതായി ഭക്ഷ്യ വിഭവ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. കേന്ദ്ര സഹായം ലഭിക്കില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓണ വിപണിയിൽ അരി വില പിടിച്ചു നിർത്താൻ വേണ്ട ഇടപെടൽ നടത്തും. കേരളത്തിൽ എത്തിയ ശേഷം തീരുമാനമുണ്ടാകും.കാര്‍ഡ് ഒന്നിന് അഞ്ച് കിലോ വീതം അരി നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.എന്നാൽ സാധാരണയിൽ നിന്നും വ്യത്യസ്തമായി കേരളത്തെ സഹായിക്കാൻ കഴിയില്ലെന്നാണ് കേന്ദ്രം മറുപടി നൽകിയത്. നേരത്തെ നിര്‍ത്തലാക്കിയ ഗോതമ്പ് വിഹിതം പുനഃസ്ഥാപിക്കാനും കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
മണ്ണെണ്ണ വിഹിതം രണ്ട് വർഷമായി ലഭിക്കുന്നില്ല. മണ്ണെണ്ണ കരാറുകാർ പിന്മാറിയതിനാൽ വിതരണത്തിന് തടസ്സം നേരിട്ടു. ഒടുവിൽ പ്രശ്നം കേരള സർക്കാർ പരിഹരിച്ചു. മൂന്നുമാസത്തേക്ക് 5676 കിലോ ലിറ്റർ മണ്ണെണ്ണയാണ് അനുവദിച്ചത്. അതെടുക്കാനുള്ള സമയം സെപ്റ്റംബർ 30 വരെ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതായും മന്ത്രി വിശദീകരിച്ചു.