കൊച്ചി: ഗുജറാത്തിലും തമിഴ്നാട്ടിലുമുള്ള തങ്ങളുടെ നിര്‍മാണ കേന്ദ്രങ്ങളില്‍ 59 മെഗാവാട്ട് ശേഷി വരുന്ന കാറ്റാടി-സൗരോര്‍ജ്ജ ഹൈബ്രിഡ് വൈദ്യുത പദ്ധതികള്‍ സ്ഥാപിക്കാന്‍ മുന്‍നിര ഇന്ത്യന്‍ ടയര്‍ നിര്‍മാതാക്കളായ സിയറ്റ്, ക്ലീന്‍മാക്സ് ഇന്‍വിറോ എനര്‍ജി സൊലൂഷന്‍സുമായി (ക്ലീന്‍മാക്സ്) സഹകരണമാരംഭിച്ചു. ഈ പദ്ധതികളിലൂടെ സിയറ്റിന്‍റെ ശുദ്ധ വൈദ്യുതി ഉപയോഗം വാര്‍ഷികാടിസ്ഥാനത്തില്‍ 60 ശതമാനമായി ഉയരും. ഗുജറാത്തിലെ ഹലോല്‍, തമിഴ്നാട്ടിലെ കാഞ്ചീപുരം എന്നിവിടങ്ങളിലാണ് ഈ വൈദ്യുതി പദ്ധതികള്‍ക്കു തുടക്കം കുറിക്കുന്നത്.
വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്ന യൂണിറ്റുകളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള രീതിയില്‍ ഗ്രിഡിന്‍റെ സുസ്ഥിര ഉറപ്പു വരുത്താനും ഈ നീക്കം സഹായിക്കും. പ്രതിവര്‍ഷം ഒരു ലക്ഷം ടണ്‍ വീതം കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളല്‍ കുറക്കാനും ഇതു സഹായിക്കുമെന്നാണ് കണക്കു കൂട്ടുന്നത്.