CCTV footage of the woman arriving at Rahul Mamkootathil's flat was not found

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫ്ലാറ്റിൽ യുവതി എത്തിയ CCTV ദൃശ്യങ്ങൾ ലഭിച്ചില്ല: സമീപത്തെ ദൃശ്യങ്ങൾ പരിശോധിക്കാൻ SIT, അറസ്റ്റ് ഉണ്ടാകുമെന്ന് ADGP | CCTV

Published on

പാലക്കാട്: ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ പാലക്കാട്ടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ നിർണായകമായ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചില്ല. യുവതി ഫ്ലാറ്റിലെത്തിയ ദിവസത്തെ ദൃശ്യങ്ങളാണ് നഷ്ടമായത്. സി.സി.ടി.വി. ഡി.വി.ആറിന് ബാക്കപ്പ് കുറവായതാണ് ദൃശ്യങ്ങൾ ലഭിക്കാത്തതിന് കാരണമെന്നാണ് പ്രാഥമിക വിവരം.(CCTV footage of the woman arriving at Rahul Mamkootathil's flat was not found)

രാഹുൽ മാങ്കൂട്ടത്തിലിന്റെ കുന്നത്തൂർ മേട്ടിലുള്ള ഫ്ലാറ്റിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരടങ്ങിയ എസ്.ഐ.ടി. സംഘം വിശദമായ പരിശോധന നടത്തി. പാലക്കാട് എസ്.പി. ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഫ്ലാറ്റിലെത്തിയിരുന്നു. രാവിലെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ശേഷം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷം സ്വകാര്യ വാഹനത്തിൽ അഞ്ചംഗ സംഘം വീണ്ടും ഫ്ലാറ്റിലെത്തി വിശദമായ പരിശോധന നടത്തുകയായിരുന്നു.

മെയ് അവസാന ആഴ്ചയിലെ രണ്ടു ദിവസമാണ് യുവതി ഫ്ലാറ്റിൽ എത്തിയത്. ഈ ദിവസങ്ങളിലെ ദൃശ്യങ്ങളാണ് നിലവിൽ ലഭിക്കാത്തത്. നഷ്ടപ്പെട്ട ദൃശ്യങ്ങൾ വീണ്ടെടുക്കാനായി സമീപത്തെ കൂടുതൽ സി.സി.ടി.വി.കൾ പരിശോധിക്കാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. രാഹുലിന്റെ പേഴ്സണൽ അസിസ്റ്റന്റുമാരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കുന്നുണ്ട്.

മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിന് മുമ്പായി രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത് രാഹുലിന്റെ അറസ്റ്റിന് തടസ്സമല്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിലെ പരാതിക്കാരിയ്ക്കെതിരായ സൈബർ ആക്രമണത്തിൽ സൈബർ പോലീസ് കേസെടുത്തു.

സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് യുവതി നൽകിയ പരാതിയിൽ ഓരോ ജില്ലകളിലും കേസെടുക്കാൻ എ.ഡി.ജി.പി. വെങ്കിടേഷ് നിർദ്ദേശം നൽകിയിട്ടുണ്ട്. സൈബർ ആക്രമണത്തിൽ അറസ്റ്റുണ്ടാകുമെന്നും കർശന നടപടിയുണ്ടാകുമെന്നും എ.ഡി.ജി.പി. അറിയിച്ചു.

Times Kerala
timeskerala.com