പാലക്കാട്: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട്ടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. കേസിൽ നിർണായകമായേക്കാവുന്ന, കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡി.വി.ആറിൽ നിന്നും നീക്കം ചെയ്ത നിലയിൽ ഉള്ളത്.(CCTV footage of Rahul Mamkootathil's flat has been deleted)
തെളിവ് നശിപ്പിച്ചത് സംബന്ധിച്ച്, ഫ്ലാറ്റിലെ ഡിവിആർ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്മെന്റ് കെയർ ടേക്കറെ സ്വാധീനിച്ച് ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്, കെയർ ടേക്കറെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും.
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് ഒളിവിൽ പോയത് അതീവ ആസൂത്രിതമായാണെന്ന് പോലീസ് പറയുന്നു. ഫ്ലാറ്റിൽ നിന്ന് പുറത്തിറങ്ങിയ ശേഷം, പോലീസ് നിരീക്ഷണത്തിന് സാധ്യതയുള്ള സിസിടിവി ക്യാമറകൾ സ്ഥാപിച്ച റോഡുകൾ പരമാവധി ഒഴിവാക്കിയാണ് രാഹുൽ സഞ്ചരിച്ചത്.
പോലീസിനെ ആശയക്കുഴപ്പത്തിലാക്കാനും അന്വേഷണം വഴിതിരിച്ചുവിടാനുമായി, കാർ മാത്രം പല വഴികളിലൂടെ സഞ്ചരിച്ച രീതിയിലാണ് രാഹുലിന്റെ നീക്കം. തെളിവുകൾ നശിപ്പിക്കാനും ഒളിവിൽ പോകാനും രാഹുലിന് സഹായം ലഭിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.