തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് രമേശ് ചെന്നിത്തല. ഉണ്ണികൃഷ്ണൻ പോറ്റിയുമായി കോൺഗ്രസിനെ ബന്ധിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെ അദ്ദേഹം വിമർശിച്ചു. യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(CBI investigation is needed, Ramesh Chennithala on Sabarimala gold theft case)
നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിൽ (SIT) പൂർണ്ണ വിശ്വാസമില്ലാത്തതുകൊണ്ടല്ല, മറിച്ച് കേസിന്റെ അന്താരാഷ്ട്ര മാനങ്ങൾ പരിഗണിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് തന്റെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ജയിലിൽ കഴിയുന്ന എ. പത്മകുമാറിനും എൻ. വാസുവിനുമെതിരെ പാർട്ടി ഇതുവരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഇവർക്കെതിരെ നടപടിയെടുത്താൽ ഭരണതലത്തിലുള്ള വൻ സ്രാവുകളുടെ പേരുകൾ പുറത്തുവരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നീക്കങ്ങൾ നടക്കുന്നു. യഥാർത്ഥ തൊണ്ടിമുതൽ കണ്ടെത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇതിന് പിന്നിൽ വലിയൊരു മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.
ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിൽ സ്വർണ്ണം പൂശുന്ന ജോലികൾക്ക് ഇടനിലക്കാരനായി നിന്ന ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോൺഗ്രസുമായി ബന്ധമുണ്ടെന്ന സി.പി.എം ആരോപണത്തെ അദ്ദേഹം തള്ളി. പോറ്റിക്ക് കോൺഗ്രസ് ബന്ധമുണ്ടെന്ന് പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ വിഗ്രഹങ്ങൾക്കും പുരാവസ്തുക്കൾക്കും പുറമെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും കള്ളക്കടത്ത് സംഘം ലക്ഷ്യമിട്ടിരുന്നതായി ചെന്നിത്തല പറഞ്ഞു. 500 കോടിയിലധികം രൂപയുടെ മൂല്യമുള്ള പുരാവസ്തു ഇടപാടാണ് നടന്നത്. ഇതിന് പിന്നിൽ 'ഡി. മണി' (ഡയമണ്ട് മണി) എന്നറിയപ്പെടുന്ന അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്തുകാരനും സംഘവുമാണെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയുടെ ചെവിയിൽ മന്ത്രിക്കുന്ന ചിത്രം ചൂണ്ടിക്കാട്ടി, അതീവ സുരക്ഷയിലുള്ള മുഖ്യമന്ത്രിയോട് പോറ്റിക്ക് ഇത്രയടുത്ത് സംസാരിക്കാൻ എങ്ങനെ സാധിച്ചുവെന്ന് അദ്ദേഹം ചോദിച്ചു.
സോണിയ ഗാന്ധിക്കൊപ്പം പ്രതികൾ നിൽക്കുന്ന ചിത്രം ബിജെപിയും സിപിഎമ്മും ഉയർത്തുന്നതിനെ അദ്ദേഹം പരിഹസിച്ചു. സോണിയ ഗാന്ധിയുടെ അടുത്തേക്ക് പോറ്റിയെ കൊണ്ടുപോയവർക്കാണ് അതിന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.