'ക്രൈസ്തവരുടെ അവകാശങ്ങൾ ഔദാര്യമല്ല': സർക്കാരുകൾക്കെതിരെ CBCI അധ്യക്ഷൻ | CBCI
എറണാകുളം: രാഷ്ട്ര നിർമ്മാണത്തിന് ഏറ്റവും അധികം സംഭാവന നൽകിയിട്ടുള്ള ക്രിസ്ത്യൻ സമൂഹത്തെയും സീറോ മലബാർ സഭയെയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണിക്കുകയാണെന്ന് സിബിസിഐ അധ്യക്ഷനും ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. 2.78 കോടി ക്രിസ്ത്യാനികളുടെ നിഷേധിക്കപ്പെട്ട അവകാശങ്ങൾ ചോദിച്ചു വാങ്ങേണ്ട സാഹചര്യമാണുള്ളതെന്നും, ഈ അവകാശങ്ങൾ സർക്കാരുകളുടെ ഔദാര്യമല്ലെന്നും ദീപിക പത്രത്തിലെഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി.(CBCI president against governments and about Christian rights)
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ രാഷ്ട്രീയ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു. പലയിടങ്ങളിലും ജയപരാജയങ്ങൾ തീരുമാനിക്കാൻ ക്രൈസ്തവർക്ക് സാധിക്കും. ആര് വാഴണമെന്നും ആര് വീഴണമെന്നും തീരുമാനിക്കുന്നതിൽ സമുദായത്തിന് പങ്കുണ്ട്. രാഷ്ട്രീയ നേതൃത്വം സീറോ മലബാർ സഭയെ വീണ്ടും പോരാട്ടത്തിന്റെ വഴിയിലേക്ക് തള്ളിവിടരുത് എന്നും ഇതിൽ പറയുന്നു.
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ ചോദ്യങ്ങളാണ് ആർച്ച് ബിഷപ്പ് ഉന്നയിച്ചത്. "ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ സംസ്ഥാന സർക്കാർ ഉടൻ നടപ്പാക്കണം. ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ തടയാനുള്ള കാര്യങ്ങൾ നടപ്പാക്കുന്നതിന് സർക്കാരിനെ തടയുന്നത് ആരാണ്? സർക്കാർ ഭയക്കുന്നത് ആരെയാണ്?" – മാർ ആൻഡ്രൂസ് താഴത്ത് ചോദിക്കുന്നു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രൈസ്തവ സമുദായത്തെ സർക്കാർ കരുതലോടെ കാണണം. സർക്കാർ ഉദ്യോഗങ്ങളിലുൾപ്പെടെ കൃത്യമായ പരിഗണന ലഭിക്കണമെന്നും ജനാധിപത്യത്തിന്റെ നാല് തൂണുകളിലും പരിഗണന ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ സമീപനത്തിലും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. ദേശീയ ന്യൂനപക്ഷ കമ്മീഷനും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനും നിലവിൽ പ്രവർത്തനരഹിതമാണ്. ദേശീയ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകളുടെ അധ്യക്ഷൻമാരായി ക്രൈസ്തവരെ നിയമിച്ചിട്ടില്ല. ന്യൂനപക്ഷ അവകാശങ്ങൾ ക്രൈസ്തവർക്ക് പലയിടത്തും നിഷേധിക്കപ്പെടുകയാണ്.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഭരണകൂടത്തിന്റെ അധിനിവേശം തുടരുന്നു. പ്രാർത്ഥനയിലും യൂണിഫോമിലും അടക്കമുള്ള കയ്യേറ്റം ചെറുക്കപ്പടേണ്ടതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ അവകാശ നിഷേധങ്ങൾ അവസാനിപ്പിക്കണമെന്നാണ് സിബിസിഐ അധ്യക്ഷന്റെ പ്രധാന ആവശ്യം.
