
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയോടും ഇടിമിന്നലോടും കൂടിയ കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ പെയ്യുന്ന പ്രദേശങ്ങളിൽ മഴയുടെ അളവ് കൂടുതലായിരിക്കുമെന്നതിനാൽ ജാഗ്രത അനിവാര്യമാണ്.(Caution is required till the 24th, says Minister K Rajan)
വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന ഇടിമിന്നൽ അപകടകരമാണ്. ഇടിമിന്നൽ അപകടത്തിന്റെ തോത് കുറയ്ക്കുന്നതിന് ജാഗ്രത വേണമെന്ന് കെഎസ്ഇബിയും നിർദ്ദേശം നൽകിയിട്ടുണ്ട്. മഴയ്ക്കൊപ്പം എത്തുന്ന ഇടിമിന്നലാണ് നിലവിലെ പ്രധാന ആശങ്കയെന്നും മന്ത്രി കെ. രാജൻ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 12 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.