ആരോഗ്യ രംഗത്ത് ചരിത്രമെഴുതാൻ കേരളം; രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറും | Cath Lab

ഇടുക്കി ജില്ലയില്‍ രണ്ട് കാത്ത് ലാബുകള്‍ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്
Cath Lab
Published on

ഇടുക്കി: ഇടുക്കി ജില്ലയില്‍ രണ്ട് കാത്ത് ലാബുകള്‍ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇടുക്കി മെഡിക്കല്‍ കോളേജിലും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിലുമാണ് കാത്ത് ലാബ് അനുവദിച്ചത്. ഇടുക്കി വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 10.3 കോടി രൂപയുടേയും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ കാത്ത് ലാബ് സ്ഥാപിക്കാനായി 8.94 കോടി രൂപയുടേയും ഭരണാനുമതിയാണ് നല്‍കിയത്. ഇടുക്കിയില്‍ കൂടി കാത്ത് ലാബ് സജ്ജമാകുന്നതോടെ രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറും. (Cath Lab)

കോഴിക്കോട്, എറണാകുളം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളില്‍ കഴിഞ്ഞ ദിവസം പുതുതായി കാത്ത് ലാബുകള്‍ അനുവദിച്ചിരുന്നു. കാത്ത് ലാബുകള്‍ക്കും സിസിയുകള്‍ക്കുമായി മൂന്ന് മെഡിക്കല്‍ കോളേജുകള്‍ക്ക് 44.30 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. ഇതോടെ 5 കാത്ത് ലാബുകള്‍ക്കാണ് പുതുതായി അനുമതി നല്‍കിയത്. സംസ്ഥാനത്ത് പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴില്‍ 12 ആശുപത്രികളില്‍ കാത്ത് ലാബ് സജ്ജമാക്കിയിട്ടുണ്ട്. കാത്ത് ലാബുകള്‍ ഇല്ലാതിരുന്ന കാസര്‍ഗോഡും (2023) വയനാടും (2024) ആണ് ഏറ്റവും അവസാനം കാത്ത് ലാബുകള്‍ സ്ഥാപിച്ചത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാത്ത് ലാബ് പ്രൊസീജിയറുകള്‍ നടക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളിലാണെന്നാണ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ കണ്ടെത്തിയിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കാത്ത് ലാബ് പ്രൊസീജിയറുകള്‍ നടക്കുന്നതെന്നാണ് സർക്കാർ കണക്കുകൾ.

Related Stories

No stories found.
Times Kerala
timeskerala.com