തിരുവനന്തപുരം: ലൈംഗിക പീഡനക്കേസുകളിലെ പരാതിക്കാരായ സ്ത്രീകളുടെയോ സാക്ഷികളുടെയോ വിവരങ്ങൾ വെളിപ്പെടുത്തുന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് മുന്നറിയിപ്പ് നൽകി. മോശം കമന്റുകൾ ഇടുന്നവർക്കെതിരെയും നിയമനടപടി ഉണ്ടാകുമെന്നും സൈബർ സെൽ ചുമതലയുള്ള എ.ഡി.ജി.പി. വ്യക്തമാക്കി.(Case under non-bailable section if anyone insults the survivor, says ADGP S Sreejith)
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ കേസിൽ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തിൽ 32-ഓളം കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിജീവിതയുടെ പേര്, മറ്റ് വിവരങ്ങൾ എന്നിവ വെളിപ്പെടുത്തുന്നത് കുറ്റകരമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ മറ്റൊരാളുടെ സ്വകാര്യത ലംഘിക്കാൻ ആർക്കും അവകാശമില്ലെന്നും ഉത്തരവാദിത്വമില്ലാത്ത സമൂഹമാധ്യമ ഇടപെടൽ എല്ലാവരും ഒഴിവാക്കണമെന്നും എസ്. ശ്രീജിത്ത് പറഞ്ഞു.
രാഹുൽ ഈശ്വർ പരാതിക്കാരിക്കെതിരെ മോശം പരാമർശം നടത്തിയെന്ന് കോടതിക്ക് ബോധ്യമായതുകൊണ്ടാണ് റിമാൻഡ് ചെയ്തതെന്നും എ.ഡി.ജി.പി. ചൂണ്ടിക്കാട്ടി. അതേസമയം, ലൈംഗിക പീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഇന്നലെ ഒന്നര മണിക്കൂറോളമാണ് പ്രതിഭാഗവും പ്രോസിക്യൂഷനും കോടതിയിലെ അടച്ചിട്ട മുറിയിൽ വാദം നടത്തിയത്. പ്രോസിക്യൂഷൻ ഇന്ന് ഹാജരാക്കുന്ന പുതിയ തെളിവുകൾ പരിശോധിച്ച് വാദം കേട്ട ശേഷമാകും വിധി പ്രസ്താവിക്കുക.
യുവതിയെ നിരന്തരം പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. പരാതിക്ക് പിന്നിൽ സി.പി.എം - ബി.ജെ.പി രാഷ്ട്രീയ ഗൂഢാലോചനയാണെന്നും, യുവതിയുടെ സമ്മതത്തോടെയാണ് ഗർഭഛിദ്രം നടന്നതെന്നും ഓഡിയോ റെക്കോർഡിംഗിൽ ഗൂഢാലോചനയുണ്ടെന്നും രാഹുൽ വാദിച്ചു.
പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ പോലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്നലെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടതിനെ തുടർന്ന് ടെക്‌നോപാർക്കിലെ ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവത്തിൽ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. ജയിലിൽ അയച്ചത് മുതൽ രാഹുൽ ഈശ്വർ നിരാഹാരത്തിലാണ്. ക്ഷീണിതനെന്ന ഡോക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് ഇന്നലെ ആശുപത്രിയിലെത്തിച്ച് ഡ്രിപ്പ് നൽകിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടി, മുൻകൂർ ജാമ്യാപേക്ഷയിലെ വിധി കൂടി പരിഗണിച്ച് കെ.പി.സി.സി. തീരുമാനിക്കും. പുറത്താക്കാൻ ധാരണയായെങ്കിലും, കോടതി വിധി കേട്ട ശേഷം മതി അന്തിമ തീരുമാനമെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. അച്ചടക്ക നടപടി നീളുന്നതിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. കോടതി വിധിക്ക് ശേഷം നേതാക്കൾ കൂടിയാലോചിച്ചാകും അന്തിമ തീരുമാനം എടുക്കുക.