

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാനെതിരെ പോലീസ് കേസെടുത്തു. രാഹുലിനെ ന്യായീകരിക്കാനായി പരാതിക്കാരിയുടെ സ്വകാര്യ ചാറ്റുകൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു എന്നാണ് ഫെനിക്കെതിരെയുള്ള കുറ്റം.
രാഹുൽ മാങ്കൂട്ടത്തിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റുകൾ പുറത്തുവിട്ടത് അതിജീവിതയെ വ്യക്തിഹത്യ ചെയ്യാനും അപമാനിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് പോലീസ് കണ്ടെത്തി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ട് പീഡന പരാതികളിലും ഫെനി നൈനാന്റെ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ട്. രാഹുലുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും താൻ ഗർഭിണിയാണെന്ന വിവരവും ഫെനിക്ക് അറിയാമായിരുന്നുവെന്ന് ഒന്നാം പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്.
രണ്ടാമത്തെ പരാതിക്കാരിയുടെ മൊഴിയിൽ കൂടുതൽ ഗുരുതരമായ ആരോപണമാണുള്ളത്. ഹോംസ്റ്റേയിൽ വെച്ച് തന്നെ പീഡിപ്പിക്കാനായി രാഹുൽ എത്തിയ കാർ ഓടിച്ചിരുന്നത് ഫെനി നൈനാൻ ആയിരുന്നുവെന്ന് ഇവർ ആരോപിക്കുന്നു. രാഹുലിന്റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തെ പ്രതിരോധിക്കാൻ ഫെനി നൈനാൻ നിരന്തരം ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് നിയമവിരുദ്ധമായി ചാറ്റുകൾ പ്രചരിപ്പിച്ചതിന് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.