കോട്ടയം : മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിചാരണ ആരംഭിച്ചു. കോട്ടയം വിജിലൻസ് കോടതിയിലാണ് കേസിൽ വിചാരണ നടപടികൾ നടക്കുന്നത്. 28 ദിവസം തുടർച്ചയായി വിചാരണ നടത്താനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.(Case regarding Tomin J Thachankary, Trial begins)
വിചാരണയുടെ ഭാഗമായി ടോമിൻ തച്ചങ്കരി ഇന്ന് കോടതിയിൽ ഹാജരായി. സർവീസ് കാലാവധിയിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയെന്നാണ് ടോമിൻ തച്ചങ്കരിക്കെതിരായ പരാതി.
കേസിൽ 128 സാക്ഷികളാണുള്ളത്. 145 രേഖകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വർഷങ്ങളോളം നിയമ വ്യവഹാരം നടന്ന കേസാണ് ഇത്. വിചാരണയുടെ ആദ്യ ദിവസമായ ഇന്ന് രണ്ട് സാക്ഷികളെ വിസ്തരിച്ചു.