കണ്ണൂർ: കേരളം ഏറെ ചർച്ച ചെയ്ത കണ്ണൂർ തയ്യിൽ വിയാൻ വധക്കേസിൽ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. തയ്യിൽ സ്വദേശി ശരണ്യ (28), സുഹൃത്ത് നിധിൻ എന്നിവരാണ് കേസിലെ പ്രതികൾ. മാസങ്ങൾ നീണ്ട വിചാരണയ്ക്കും വാദപ്രതിവാദങ്ങൾക്കും ശേഷമാണ് കോടതി വിധി പ്രസ്താവിക്കുന്നത്.(Case of one and a half year old boy's murder, Final verdict today)
2020 ഫെബ്രുവരി 17-നാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. കാമുകനൊപ്പം ജീവിക്കാൻ തടസ്സമാകുമെന്ന് കണ്ടാണ് ഒന്നരവയസ്സുകാരനായ മകൻ വിയാനെ അമ്മ ശരണ്യ കടൽതീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തിയത്.
പുലർച്ചെ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെയെടുത്ത് കടൽഭിത്തിയിൽ ആഞ്ഞടിക്കുകയും തുടർന്ന് കടലിലേക്ക് എറിയുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലപാതകത്തിന് ശേഷം ഭർത്താവ് പ്രണവിനെ കുടുക്കാൻ ശരണ്യ ശ്രമിച്ചെങ്കിലും, ശരണ്യയുടെ വസ്ത്രത്തിൽ പുരണ്ട ഉപ്പുവെള്ളവും മണലുമാണ് കേസിൽ നിർണ്ണായക തെളിവായത്.
കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയതിനാണ് നിധിനെ രണ്ടാം പ്രതിയാക്കിയത്. കേസിൽ 47 സാക്ഷികളെ കോടതി വിസ്തരിച്ചു. ഡിജിറ്റൽ തെളിവുകളും ഫോറൻസിക് റിപ്പോർട്ടുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.